ധനുഷ് ചിത്രത്തില്‍ പ്രഭുദേവ നൃത്തസംവിധാനം ചെയ്യും

pp

തമിഴ് സൂപ്പര്‍താരം ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം മാരി 2ല്‍ പ്രഭുദേവ നൃത്തം ചിട്ടപ്പെടുത്തുന്നു. മാരി 2ലെ ഒരു ഗാനത്തിന് വേണ്ടിയാണ് പ്രഭുദേവ നൃത്തസംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ ബാലാജി മോഹനും ധനുഷും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രവുമായി സഹകരിച്ചതിന് ഇരുവരും പ്രഭുദേവയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് പ്രഭുദേവ ധനുഷിനുവേണ്ടി നൃത്തം ഒരുക്കുന്നത്. മലയാളി താരം ടൊവിനോ തോമസ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മാരി 2ല്‍ സായി പല്ലവിയാണ് നായിക. യുവന്‍ ശങ്കര്‍രാജയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് തന്നെയാണ് നിര്‍മ്മാണം. അതേസമയം ധനുഷിന്റെ മറ്റൊരു ചിത്രമായ വട ചെന്നൈ സെപ്തംബറില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.