വിസാ നിയന്ത്രണം തുടരും, യോഗ്യതയുള്ള ഇന്ത്യാക്കാര്‍ക്ക് സ്വാഗതം: അമേരിക്ക

മുംബൈ: രാജ്യത്ത് എച്ച് 1 ബി വിസാനിയന്ത്രണം തുടരുമെന്നും എന്നാല്‍ യോഗ്യതയുള്ള ഇന്ത്യാക്കാരെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്നതായും യു.എസ് കോണ്‍സല്‍ ജനറല്‍ എഡ്‌വേര്‍ഡ് കേഗന്‍. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും മുംബയില്‍ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. യോഗ്യരായ ഇന്ത്യാക്കാരെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്ത ഇന്ത്യാക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെ അമേരിക്ക സ്വാഗതം ചെയ്യുന്നു എന്ന ബോദ്ധ്യം ഇന്ത്യാക്കാര്‍ക്ക് ഉണ്ടെന്നതിന്റെ തെളിവാണ് എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവെന്നും കേഗന്‍ പറഞ്ഞു. ”ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി യു.എസ് തിരഞ്ഞെടുക്കുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലും അവിടെ ഉള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലും പഠിക്കാനെത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് സഹായിക്കും” കേഗന്‍ പറഞ്ഞു.