ഇന്ത്യയിലും ബ്രസീലിലും റഷ്യ ഇടപെടുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പുകളില്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി റഷ്യയുടെ ഇടപെടലുണ്ടാകാന്‍ സാദ്ധ്യതയെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സോഷ്യന്‍ മീഡിയ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഓക്‌സ്‌ഫോര്‍ഡിലെ പ്രഫസറായ ഫിലിപ്പ് എന്‍ ഹൊവാര്‍ഡാണ് ഇക്കാര്യം അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.
സാമൂഹ്യമാദ്ധ്യമങ്ങളിലെ വിദേശ സ്വാധീനത്തെക്കുറിച്ച് യു.എസ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി നടത്തിയ തെളിവെടുപ്പിലാണ് ഫിലിപ്പ് ഇക്കാര്യം സൂചിപ്പിച്ചത്. അമേരിക്കയിലെപ്പോലെ സാമൂഹ്യമാദ്ധ്യമങ്ങള്‍ അത്ര പ്രഫഷണലല്ലാത്ത ഇന്ത്യയിലും ബ്രസീലിലും ഈ അവസ്ഥ വളരെ അപകടകരമാണെന്നും ഫിലിപ്പ് പറഞ്ഞു. അതേസമയം, ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാന്‍ അദ്ദേഹം തയാറായില്ല. ഇക്കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായി എന്ന പരാതിയെത്തുടര്‍ന്നായിരുന്നു സെനറ്റ് കമ്മിറ്റിയുടെ തെളിവെടുപ്പ്.
കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് സ്ഥാപനം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും അവ 2016ലെ യു.എസ് തിരഞ്ഞെടുപ്പ് കാലത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനുവേണ്ടി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും ഫെയ്‌സ്ബുക്ക് നടത്തിയ അന്വേഷണങ്ങളില്‍ ഇതിനുമുമ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ജൂലായ് 16ന് ഹെല്‍സിങ്കിയില്‍ ട്രംപും പുട്ടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം, റഷ്യ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപ്പെട്ടിട്ടില്ല എന്ന പുട്ടിന്റെ വാദം വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ് അംഗീകരിക്കുകയും ചെയ്തിരുന്നു. യു.എസ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപ്പെട്ടിരുന്നതായി 2017 ജനുവരിയിലാണ് അമേരിക്കയിലെ ഉന്നത രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.