അമേരിക്കയുടെ ആദ്യ വാണിജ്യ ബഹിരാകാശപേടക യാത്രികരില്‍ സുനിത വില്ല്യംസും

Sunita-Williams

ഹൂസ്റ്റണ്‍: അമേരിക്കന്‍ നിര്‍മിത വാണിജ്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്നവരുടെ ആദ്യഘട്ട പട്ടിക നാസ പുറത്തുവിട്ടു. വെള്ളിയാഴ്ച പ്രഖ്യാപിച്ച ഒന്പതു പേരുകളില്‍ ഇന്ത്യന്‍ വംശജ സുനിത വില്ല്യംസും ഉള്‍പ്പെടുന്നു.
എറിക് ബോ, ഡഗ്‌ളസ് ഹര്‍ളി, ക്രിസ്റ്റഫര്‍ ഫെര്‍ഗൂസണ്‍, നിക്കോള്‍ എ. മന്‍, റോബര്‍ട്ട് ബെങ്കന്‍, ജോഷ് കസാഡ, വിക്ടര്‍ ഗ്ലോവര്‍, മൈക്കിള്‍ ഹോപ്കിന്‍സ് എന്നിവരാണ് സുനിത വില്ല്യംസിനൊപ്പം യാത്രയ്ക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍.
നാസയുടെ ആദ്യ വാണിജ്യ ബഹിരാകാശ പേടകങ്ങളായ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍, ബോയിംഗ് സിഎസ്ടി 100 സ്റ്റാര്‍ലൈനര്‍ എന്നിവയിലാകും ഇവരുടെ സഞ്ചാരം. നിലവില്‍ റഷ്യന്‍ ബഹിരാകാശ വാഹനങ്ങളെയാണ് ബഹിരാകാശ യാത്രികരെ അയക്കാനായി നാസ ആശ്രയിക്കുന്നത്. സ്‌പേസ് എക്‌സിന്റെയും ബോയിംഗിന്റെയും വരവോടെ റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാകുമെന്നാണു കരുതുന്നത്. എന്നാല്‍ രണ്ട് പേടകങ്ങളും ഐഎസ്എസില്‍ (ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍) എത്തി സുരക്ഷിതമായി ഭൂമിയിലേക്കു മടങ്ങുമെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായി മൂന്ന് പരീക്ഷണ ദൗത്യങ്ങളാണ് നാസ ആസൂത്രണം ചെയ്തിരിക്കുന്നത്.