കൊളീജിയം ശുപാര്‍ശ: കേന്ദ്രനിലപാടില്‍ അതൃപ്തിയുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്

kurian

ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനമെടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അതൃപ്തി പ്രകടിപ്പിച്ചു. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജി നിയമന ശുപാര്‍ശകള്‍ നടപ്പാക്കുന്നത് വൈകിപ്പിക്കരുതെന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസാണ് മാസ്റ്റര്‍ ഓഫ് റോസ്റ്ററെങ്കിലും കേസുഡ്ജിമാരോടും കൂടിയാലോചിക്കുന്നത് പരിഗണിക്കണം. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 70 വയസാക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു. കേസുകള്‍ വൈകുന്നതും കെട്ടിക്കിടക്കുന്നതും സംബന്ധിച്ച് ചാണക്യപുരിയിലെ പ്രവാസി ഭാരതീയ കേന്ദ്രയില്‍ സുപ്രീംകോടതിയും ഇന്ത്യന്‍ ലാ ഇന്‍സ്റ്റിറ്റ്യൂട്ടും സംഘടിപ്പിച്ച ചടങ്ങിലാണ് കുര്യന്‍ ജോസഫിന്റെ അഭിപ്രായപ്രകടനം. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും പ്രത്യേക ശുപാര്‍ശ നല്‍കിയെങ്കിലും കേന്ദ്രം തീരുമാനമെടുക്കാതെ നീട്ടുകയാണ്.