ഇടുക്കിയില്‍ ജലനിരപ്പ് 2394.58 അടി;അതീവ ജാഗ്രത നാളെ ഷട്ടര്‍ ഉയര്‍ത്തിയേക്കും

idukki-dam

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394.28 ആയിരുന്ന ജലനിരപ്പ് ഇന്ന് രാവിലെയോടെ 2394.58 അടിയായി. ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിക്കുന്നതിന് 0.42 അടി ജലം മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തുന്നതോടെ ഓറഞ്ച് അലര്‍ട്ട് (കെ.എസ്.ഇ.ബി) പുറപ്പെടുവിക്കും. ജലനിരപ്പ് 2399 അടിയാകുമ്പോള്‍ അതീവജാഗ്രതാ നിര്‍ദേശവും (റെഡ് അലര്‍ട്ട്) നല്‍കും. പ്രീ മണ്‍സൂണ്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഏത് നിമിഷവും ഉയര്‍ത്തുവാനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നതിനുമുന്നോടിയായി ദേശീയ ദുരന്തനിവാരണസേന ഇന്നലെ രാത്രി ഇടുക്കിയിലെത്തി. അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി നാളെ ട്രയല്‍ നടത്തും. പരീക്ഷണത്തിന്റെ ഭാഗമായി 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. തുടര്‍ന്ന് മഴയുടെയും വെള്ളത്തിന്റെയും ഗതി അനുസരിച്ച് ഘട്ടം ഘട്ടമായി ഡാം തുറക്കാനാണ് തീരുമാനം. ഏഷ്യയിലെ തന്നെ മഹാത്ഭുതമെന്ന് പുകള്‍പെറ്റ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടാണ് തുറക്കുന്നത്. ഒരു സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയാല്‍ ഒരു മീറ്റര്‍ ക്യൂബ് ജലമാണ് പുറത്തേക്ക് ഒഴുകുക. നിറകുടത്തില്‍ നിന്നും താഴേക്ക് ചാടാന്‍ വെമ്പുംവിധം നില്‍ക്കുന്ന ഇടുക്കി ജലാശയത്തില്‍ നിന്നും വലിയ ശക്തിയോടെതന്നെ ജലം ചെറുതോണി പുഴയിലേക്ക് കുതിച്ച് ചാടും. 10 കിലോമീറ്ററുകള്‍ക്ക് അപ്പുറത്തു നിന്നും അനായാസം കേള്‍ക്കാനാവുന്നവിധം ശബ്ദമുഖരിതമാവും ഡാമിലെ ജല പ്രവാഹം. 26 വര്‍ഷം മുന്‍പ് അവസാനമായി ചെറുതോണി അണക്കെട്ട് തുറപ്പോഴുള്ള ആ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി പുതുക്കുവാനുള്ള ആകാംക്ഷയിലാണ് പ്രദേശവാസികള്‍. ജീവിതത്തില്‍ ആദ്യമായി ഈ അസുലഭ നിമിഷം ആസ്വദിക്കാനുള്ള ആഗ്രഹവുമായാണ് യുവാക്കളും കുട്ടികളും. മഴ തുടങ്ങും മുന്‍പ് തന്നെ ഷട്ടറുകളുടെ മെയിന്റനന്‍സ് പണികള്‍ കെ.എസ്.ഇ.ബി. പൂര്‍ത്തിയാക്കിയിരുന്നു. 2372 അടി ജലം ഉയരുമ്പോഴാണ് ഷട്ടറിന്റെ ഒപ്പം ജലം എത്തുന്നത്. ഇതിനുമുന്‍പ് പല തവണ ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇലക്ട്രിസിറ്റിയും ജനറേറ്ററും ഉപയോഗിച്ചും മാനുവലായും ഷട്ടറുകള്‍ ഉയര്‍ത്താനാവും. ഇന്നലെ ഗ്രീസ് ഇടുന്നതടക്കമുള്ള അവസാന അറ്റകുറ്റ പണികളും നടത്തിയതോടെ കെ.എസ്.ഇ.ബി എല്ലാതരത്തിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇനി പൂര്‍ത്തിയാക്കാനുള്ളത് ഒഴുകി ഇറങ്ങുന്ന ജലത്തിനു മുന്നോട്ട് കുതിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുകയാണ്. ചെറുതോണി ടൗണിലാണ് ആദ്യത്തെ തടസം. കുത്തിയൊഴുകിയെത്തുന്ന ജലത്തില്‍ ചെറുതോണി പുഴ കൈയേറി നിര്‍മ്മിച്ച ചെക്ക് ഡാമിനും ബസ് സ്റ്റാന്റിനും എന്ത് സംഭവിക്കുമെന്ന ആശങ്കയാണ് ജില്ലാ ഭരണകൂടം നേരിടുന്ന പ്രതിസന്ധി. ചെറുതോണി പാലത്തോട് ചേര്‍ന്ന് ജലം ഒഴുകുന്നതിനുള്ള തടസങ്ങള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കിത്തുടങ്ങി. ചെറുതോണി മുതല്‍ പാംബ്ല വരെയാണ് പ്രധാനമായും ജലം ഒഴുകുന്നതിന് തടസങ്ങളുള്ളതായാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്.