കേരളക്രിക്കറ്റ് ടീമിലെ കലഹം നാണക്കേട്

sachin-baby-double

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ കളിക്കാരുടെ പരാതി പരിഹരിക്കാന്‍ കെ.സി.എ പ്രത്യേകയോഗം വിളിക്കുന്നു
കേരള ക്രിക്കറ്റ് ടീമില്‍ ഉരുണ്ടു കൂടിയ കാര്‍മേഘം വല്ലാത്തൊരു അന്തരീക്ഷമാണുണ്ടാക്കിയത്. ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ട് 13 താരങ്ങള്‍ കെ.സി.എയ്ക്കു പരാതി നല്‍കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഏകാധിപത്യപരമായാണ് സഹകളിക്കാരോട് പെരുമാറുന്നതെന്നും ഇത് സഹിക്കാന്‍ ആവുന്നില്ലെന്നും 13 താരങ്ങള്‍ ഒപ്പിട്ട പരാതിയില്‍ പറയുന്നു. ടീം ജയിച്ചാല്‍ തന്റെ ക്രെഡിറ്റായും തോറ്റാല്‍ സഹകളിക്കാരുടെ കഴിവുകേടായും കാണുന്ന പ്രവണത അസഹ്യമാണെന്നും കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ക്ക് അയച്ച കത്തില്‍ കളിക്കാര്‍ പറയുന്നു. മുന്‍ നായകരായ സഞ്ജു സാംസണ്‍, റൈഫി വിന്‍സെന്റ് ഗോമസ്,രോഹന്‍ പ്രേം എന്നിവരും ഒപ്പിട്ടുവെന്നതാണ് ഏറെ ശ്രദ്ധേയം. രണ്ടു കളിക്കാര്‍ മാത്രമാണ് ഒപ്പിടാത്തത്. എന്താണ് ടീമില്‍ സംഭവിച്ചതെന്നതില്‍ പുറത്തുള്ള ആര്‍ക്കും വലിയ പിടിയില്ല. ടീം ഏതാണ്ട് ഒറ്റക്കെട്ടായി തന്നെ ക്യാപ്റ്റനെ എതിര്‍ക്കുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഏതൊരു ടീമിലും അഭിപ്രായ വിത്യാസങ്ങള്‍ സ്വാഭാവികമാണ്. അതെല്ലാം സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ പരിഹരിക്കപ്പെടുകയും ചെയ്യും. എന്നാല്‍ കേരളാടീമില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിന് സമാനമായ സംഭവങ്ങള്‍ വളരെ അപൂര്‍വമായേ ലോകത്തില്‍ തന്നെ കാണാന്‍ കഴിയൂ. ക്യാപ്റ്റനില്‍ വിശ്വാസം നഷ്ടപ്പെടുകയെന്നാല്‍ വളരെ ഗൗരവമായ വിഷയമാണ്. അതേ സമയം ക്യാപ്റ്റന് എതിരെയുള്ള ഒരു നീക്കമാണോ ഇതെന്നും ചില സംശയങ്ങള്‍ പലയിടത്തു നിന്നും ഉയരുന്നുണ്ട്. ഏതായാലും കളിക്കാരുടെ പരാതി വളരെ വിശദമായ കെ.സി.എ പരിശോധിക്കും. ആഗസ്റ്റ് ആദ്യവാരം ക്യാപ്റ്റന്‍, കളിക്കാര്‍, സെലക്ടര്‍മാര്‍, മാനേജര്‍, കോച്ച് എന്നിവരെ പങ്കെടുപ്പിച്ച് കേരള ക്രിക്ക്രറ്റ് അസോസിയേഷന്‍ പ്രത്യേകയോഗം വിളിക്കും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷം കാര്യങ്ങളെല്ലാം കൃത്യമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി.നായര്‍ പറഞ്ഞു. നിലവില്‍ കെ.തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെയാണ് പരാതി ലഭിച്ചിരിക്കുന്നത്. രഞ്ജിസീസണ്‍ ആരംഭിക്കാനിരിക്കെ ടീമിലെ കലഹം രമ്യമായി പരിഹരിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറിലെത്തിയ കേരളം ഇക്കുറി കൂടുതല്‍ മുന്നേറുമെന്ന പ്രതീക്ഷ ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്.ടീമിലെ ആഭ്യന്തര കലഹം അതിനു തടസമാകരുത്. ദേശീയതലത്തില്‍ ഇത്തരം ഒരു സംഭവം കേരളത്തിന് അപമാനകരമാണ്.