ദുല്‍ഖറിനൊപ്പം ആദ്യമായി സുരാജ് വെഞ്ഞാറമൂട്

DULKHAR

മമ്മൂട്ടിക്കൊപ്പം ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള സുരാജ് വെഞ്ഞാറമൂട് ഇതാദ്യമായി ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിക്കുന്നു. നവാഗതനായ ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലാണ് ദുല്‍ഖറും സുരാജും ഒന്നിക്കുന്നത്. എറണാകുളത്ത് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ഒരു യമണ്ടന്‍ പ്രേമകഥയുടെ അടുത്ത ഷെഡ്യൂളിലായിരിക്കും സുരാജ് ജോയിന്‍ ചെയ്യുക. ബിജുമേനോനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ആനക്കള്ളന്‍ എന്ന ചിത്രത്തിനും സുരാജ് ഡേറ്റ് നല്‍കിയിട്ടുണ്ട്. സജീവ് പാഴൂരിന്റെ രചനയില്‍ ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജൂലായ് അവസാനം മുതല്‍ സുരാജ് അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിലേക്ക് മാറിയതിനാലാണ് ദുല്‍ഖര്‍ ചിത്രത്തിലും ബിജുമേനോന്‍ ചിത്രത്തിലും അഭിനയിക്കാന്‍ സുരാജിന് കഴിഞ്ഞത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് രചന നിര്‍വഹിച്ച ബിബിന്‍ ജോര്‍ജ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീമാണ് ഒരു യമണ്ടന്‍ പ്രേമകഥയുടെ രചന നിര്‍വഹിക്കുന്നത്. സലിം കുമാര്‍, ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നിഖില വിമലും തീവണ്ടി ഫെയിം സംയുക്ത മേനോനുമാണ് നായികമാര്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പി. സുകുമാറാണ്. നവംബറില്‍ രണ്ടാംഘട്ട ചിത്രീകരണമാരംഭിക്കുന്ന ചിത്രം 2019 ജനുവരിയില്‍ തിയേറ്ററുകളിലെത്തും.