സെപ്റ്റംബര്‍ ഒന്നു മുതല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം

Evm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം. പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍, സ്ഥലം മാറ്റുന്നതടക്കമുള്ള നടപടികള്‍ സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. അന്തിമ വോട്ടര്‍പട്ടിക അടുത്ത ജനുവരി ഒന്നിനു പ്രസിദ്ധീകരിക്കും. പോളിംഗ് ബൂത്തുകളുടെ പുനഃക്രമീകരണവും ഇതിന്റെ ഭാഗമായി നടക്കും. പുതുതായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടുന്നരുടെ എണ്ണത്തിന് അനുസരിച്ചാകും എത്ര ബൂത്തുകള്‍ അധികമായി വേണ്ടി വരുമെന്നു കണക്കാക്കുന്നത്. പോളിംഗ് ബൂത്തുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധന വേണ്ടിവരുമെന്നു തിരുവനന്തപുരത്തു ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെയും തെരഞ്ഞെടുപ്പു ചുമതലയുള്ള ഡപ്യൂട്ടി കളക്ടമാര്‍മാരുടെയും യോഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം സംസ്ഥാനത്താകെ വിവി പാറ്റ് (വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോള്‍ വോട്ട് ചെയ്തത് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയെന്നു വ്യക്തമാക്കുന്ന പേപ്പര്‍ സ്ലിപ്പ്) സംവിധാനം നടപ്പാക്കും. തെരഞ്ഞെടുപ്പിന് ആറു മാസം മുന്‍പു ഇലക്ട്രോണിക് വോട്ടിംഗ് മെഷിനും ഇതിന്റെ കണ്‍ട്രോണ്‍ യൂണിറ്റുമായി ബന്ധിപ്പിക്കുന്ന വിവി പാറ്റ് മെഷിനും ജില്ലാ തെരഞ്ഞെടുപ്പു വരണാധികാരികളായ കളക്ടര്‍മാര്‍ക്കു കൈമാറും. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും മണ്ഡലങ്ങളിലും വേങ്ങര, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും വിവിപാറ്റ് ഉപയോഗിച്ചിരുന്നു. വോട്ടിംഗ് മെഷീനില്‍ ക്രമക്കേടു നടന്നിട്ടില്ലെന്നു പരിശോധിച്ച് ഉറപ്പു വരുത്തി കളക്ടറേറ്റില്‍ സൂക്ഷിക്കേണ്ടത് കളക്ടര്‍മാരുടെ ഉത്തരവാദിത്വമാണ്. മെഷീനുകള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇതില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്നു പരിശോധിച്ചു ഉറപ്പാക്കുന്നതിനുള്ള പരിശീലന പരിപാടിയും മസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ സംഘടിപ്പിച്ചിരുന്നു. വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് ഏറെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ പരിശീലനവും കളക്ടര്‍മാര്‍ക്കായി തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരുക്കിയിരുന്നു. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡാണു ഇവിഎമ്മും വിവി പാറ്റും അടക്കമുള്ള മെഷീനുകള്‍ വിതരണം ചെയ്യുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അണ്ടര്‍ സെക്രട്ടറി ഒ.പി. സാഹ്നി, നാഷണല്‍ മാസ്റ്റര്‍ ട്രെയിനര്‍ രാഘവേന്ദ്ര, ഇസിഐഎല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മോഹന്‍ റെഡ്ഡി, ടിക്കറാം മീണ, ബി. സുരേന്ദ്രന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.