ധവാനെ മാറ്റണം; സൗരവിന്റെ അഭിപ്രായ പ്രകടനം അനവസരത്തില്‍ 

sourav-2

ഏകദിന ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സ്ഥാനം ചോദ്യം ചെയ്ത മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര മുന്‍കൂട്ടി കണ്ട് മറ്റൊരു അഭിപ്രായ പ്രകടനം കൂടി നടത്തിയത് വിവാദമാകുന്നു. ശിഖര്‍ ധവാനു പകരം കെ.എല്‍.രാഹുലിനെ ഓപ്പണറാക്കണമെന്നാണ് ദാദയുടെ നിലപാട്. മുരളി വിജയിനൊപ്പം രാഹുലിനെയാണ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇറക്കേണ്ടതെന്ന ഗാംഗുലിയുടെ അഭിപ്രായം ഔചിത്യമായില്ല. ഒരു പരമ്പര തുടങ്ങുന്നതിനു മുമ്പ് ടീമിന്റെ ആത്മവീര്യം ചോര്‍ത്തിക്കളയുന്ന പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും നീതീകരിക്കാനാകില്ല. നിലവില്‍ ശിഖര്‍ധവാന്‍-മുരളിവിജയ് സഖ്യമാണ് ടെസ്റ്റില്‍ ഇന്നിംഗ്‌സിനു തുടക്കമിടാറ്. സെലക്ടര്‍മാരുടെയും ടീം മാനേജ്‌മെന്റിന്റെയും ആദ്യ ചോയ്‌സ് ഇവരാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതലാണ് ആദ്യ ടെസ്റ്റ്. ട്വന്റി-20, ഏകദിന പരമ്പരകള്‍ക്കു ssssപിന്നാലെയാണ് ഇംഗ്ലണ്ടില്‍ വെച്ച് അവര്‍ക്കെതിരായ ടെസ്റ്റ് മത്സരം നടക്കുന്നത്. ട്വന്റി-20 യില്‍ ഇന്ത്യയും ഏകദിനത്തില്‍ ഇംഗ്ലണ്ടും വിജയിച്ചു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ധവാനാണ് ഓപ്പണ്‍ ചെയ്യാറ്. ടെസ്റ്റില്‍ രോഹിതിനു പകരം മുരളിവിജയും. നേരത്തെ ഏകദിനത്തില്‍ കെ.എല്‍.രാഹുലിനെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നു ഗാംഗുലി കുറ്റപ്പെടുത്തിയിരുന്നു. ടെസ്റ്റില്‍ ധവാനെ തഴഞ്ഞ് രാഹുല്‍ ഓപ്പണറാകണം എന്ന അഭിപ്രായം തുറന്നു പറഞ്ഞിരിക്കയാണ് മുന്‍ ക്യാപ്റ്റന്‍. കഴിഞ്ഞ ടെസ്റ്റു പരമ്പരകളില്‍ ഓപ്പണറായി ധവാന്‍ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഇംഗ്ലണ്ടില്‍ ട്വന്റി-20, ഏകദിന മത്സരങ്ങളില്‍ പരാജയമായി എന്നത് ടെസ്റ്റില്‍ നിന്നു മാറ്റാന്‍ കാരണമല്ല. ടെസ്റ്റ് ക്രിക്കറ്റ് മറ്റൊരു ഫോര്‍മാറ്റാണ്. സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തം. ആദ്യ ചോയ്‌സ് ശിഖര്‍ ധവാന്‍ ആണെന്നിരിക്കെ അദ്ദേഹത്തിന് തുടക്കത്തിലുള്ള ടെസ്റ്റുകളില്‍ കളിക്കാന്‍ അവസരം ലഭിക്കേണ്ടതാണ്. അതില്‍ ദയനീയമായി പരാജയപ്പെടുകയാണെങ്കില്‍ മാത്രം കെ.എല്‍.രാഹുലിനെ പരീക്ഷിക്കാം. ഇനിയിപ്പോള്‍ മുരളി വിജയ് ശോഭിക്കാതെ വന്നാലും രാഹുല്‍ പകരക്കാരനാകും. ഈയൊരു സാഹചര്യത്തില്‍ പരമ്പരയ്ക്കു മുമ്പുതന്നെ ഗാംഗുലി ധവാനെ മാറ്റണമെന്ന തരത്തില്‍ നടത്തിയത് അഭിപ്രായം പ്രകടനം ഒട്ടും ശരിയായില്ല .