ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെത്താന്‍ അരനൂറ്റാണ്ട് വൈകിയെന്ന് പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇന്ത്യയിലെത്താന്‍ അമ്പത് വര്‍ഷം വൈകിയെന്ന് റെയില്‍വേമന്ത്രി പീയുഷ് ഗോയല്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ചത്. മുന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി റെയില്‍വേയെ ഉപയോഗിച്ചതാണ് പല പദ്ധതികളും വെള്ളത്തിലാകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ട്രെയിനുകളില്‍ വേവ്വേറെ ശൗചാലയങ്ങള്‍ നിര്‍മിക്കുക, സ്‌റ്റേഷനുകളിലെ വിശ്രമമുറികളുടെ നിലവാരം ഉയര്‍ത്തുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ മുന്നില്‍ ഇപ്പോഴുള്ള പ്രധാന പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യയുടെ നിലവാരം ഉയര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. 1.08 ലക്ഷം കോടിയുടെ വായ്പ ജപ്പാനില്‍ നിന്ന് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് അതിവേഗ റെയില്‍പാത രാജ്യത്ത് യാഥാര്‍ത്ഥ്യമാക്കും. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായിട്ടായിരിക്കും റെയില്‍വേയിലെ വികസന പദ്ധതികള്‍ നടപ്പാക്കുക. ഇത് രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥക്ക് ഗുണകരമാവുമെന്നും പീയൂഷ് ഗോയല്‍ ലോക്‌സഭയില്‍ പറഞ്ഞു.