രാഷ്ട്രീയ എതിരാളികളോട് വിദ്വേഷം  ആവശ്യമില്ലെന്ന് രാഹുല്‍

ന്യൂഡല്‍ഹി:രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയക്കാര്‍ പരസ്പരം എതിര്‍ക്കുന്നത് പോലെ തന്നെ ആലിംഗനം ചെയ്യുകയും വേണം. കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് ദ അണ്‍റ്റോള്‍ഡ് സ്റ്റോറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. വേദിയിലിരുന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പറഞ്ഞു തുടങ്ങിയത്.
‘ഞങ്ങള്‍ ഇരുവര്‍ക്കും ഇന്ത്യയെന്ന ആശയത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത് എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വെറുക്കില്ല. ആലിംഗനം ചെയ്യും. എതിരാളികളോട് വെറുപ്പ് ആവശ്യമില്ല’.
നിലവില്‍ ബിജെപി എംപിമാര്‍ തന്നെ കാണുമ്പോള്‍ ആലിംഗനം ചെയ്യും എന്ന് കരുതി രണ്ട് സ്റ്റെപ്പ് പുറകിലേക്ക് പോവുകയാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് ബിജെപി സൃഷ്ടിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ചും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് ദ അണ്‍റ്റോള്‍ഡ് സ്റ്റോറി എന്ന പുസ്തക പ്രകാശന ചടങ്ങിന് എത്തിയിരുന്നു.