സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്ന ബില്‍ പാസ്സാക്കി

ന്യൂഡല്‍ഹി:സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് വ്യവസ്ഥ ചെയ്യുന്ന ബില്‍ രാജ്യസഭ പാസ്സാക്കി. രാഷ്ട്രപതി കൂടി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.

വിജയ് മല്ല്യ, നീരവ് മോദി തുടങ്ങിയവര്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടതോടെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ബില്‍ തിരക്കിട്ട് അവതരിപ്പിച്ചത്.
ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയലാണ് രാജ്യസഭയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കം വ്യവസ്ഥ ചെയ്യുന്ന ബില്‍ അവതരിപ്പിച്ചത്.
100 കോടിയോ അതിലധികമോ രൂപയുടെ വെട്ടിപ്പ് നടത്തി അറസ്റ്റ് വാറണ്ട് നേരിടുന്നവര്‍, വിദേശത്തേക്ക് കടക്കുകയും കുറ്റവിചാരണ നേരിടാന്‍ എത്താതിരിക്കുകയും ചെയ്യുന്നവര്‍ തുടങ്ങിയവരെ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.കുറ്റവാളികളായി പ്രഖ്യാപിച്ചാല്‍ സ്വത്ത് കണ്ടുകെട്ടും.
ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനും കഴിയില്ല. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നത് തടയുന്നതിനുള്ള ഫലപ്രദവും കര്‍ശനവും ഭരണഘടനാപരവുമായ ഉപാധിയാണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.ജൂലൈ 19ന് ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. കേന്ദ്രം നേരത്തെ കൊണ്ട് വന്ന ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്നതാണ് ബില്‍.
വന്‍കിടക്കാര്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ട ശേഷം നിയമ നിര്‍മ്മാണം നടത്തുന്നതിലുള്ള ആത്മാര്‍ത്ഥതയേയും 100 കോടി എന്ന പരിധിയുടെ യുക്തിയും ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ചോദ്യം ചെയ്തിരുന്നു.