ഇന്ത്യാക്കാരുടെ സ്വിസ് നിക്ഷേപം കുറഞ്ഞെന്ന വാദം അസംബന്ധമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കുറഞ്ഞെന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ശരിയായ കണക്കുകള്‍ പ്രകാരം നാലു വര്‍ഷം കൊണ്ട് നിക്ഷേപം 50 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വക്താവും രാജ്യസഭാ എം.പിയുമായ രാജീവ് ഗൗഡ പറഞ്ഞു.
ഇന്ത്യക്കാരുടെ നിക്ഷേപം കുറഞ്ഞുവെന്ന് സ്ഥാപിക്കാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആധാരമാക്കിയത് ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്(ബി. ഐ.എസ്) രേഖയാണ്.
അവരുടെ സൈറ്റില്‍ രേഖകള്‍ കൃത്യമല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യക്കാര്‍ സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരോക്ഷമായ രീതിയിലാണ് സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്. അതിനാല്‍ ഇന്ത്യക്കാരുടെ പേരില്‍ അവിടെ നിക്ഷേപം കണ്ടെത്താന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സ്വിസ് ബാങ്കിലെ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിച്ചതാണെന്നും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നിക്ഷേപം 80 ശതമാനം കുറഞ്ഞതായും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. 2016 – 2017 കാലത്ത് ഇന്ത്യാക്കാരുടെ വിദേശ നിക്ഷേപം 34 ശതമാനം കുറയുകയാണ് ചെയ്തത്.
2014ന് ശേഷം ഇതുവരെ മൊത്തത്തില്‍ 80 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. സ്വിസ് ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചതായും പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.