ലക്ഷ്യം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം: രുപീന്ദര്‍ പാല്‍

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം അംഗം രുപീന്ദര്‍ പാല്‍ സിംഗ്. ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയതിനുശേഷം ഏഷ്യന്‍ ഗെയിംസിനുള്ള അവസാനവട്ട ഒരുക്കത്തിനിടെയാണ് രുപീന്ദര്‍ മനസ് തുറന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ വെള്ളി നേടിയ ടീമാണ് ന്യൂസിലന്‍ഡ്. അവര്‍ക്കെതിരേ പരമ്പര തൂത്തുവാരിയത് തന്റെ മനസിനു കൂടുതല്‍ പ്രതീക്ഷകള്‍ നല്കുന്നതാണെന്നും ഡ്രാഗ് ഫ്‌ളിക്കിംഗ് സ്‌പെഷലിസ്റ്റായ രുപീന്ദര്‍ പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏപ്രിലില്‍ ഇറങ്ങിയശേഷം പരിക്കിനേത്തുടര്‍ന്ന് രുപീന്ദര്‍ വിശ്രമത്തിലായിരുന്നു. ഇന്ത്യ റണ്ണേഴ്‌സപ്പായ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇദ്ദേഹം കളിച്ചിരുന്നില്ല. ഏഷ്യന്‍ ഗെയിംസില്‍ ദക്ഷിണകൊറിയ, ജപ്പാന്‍, ശ്രീലങ്ക, ഹോങ്കോംഗ് എന്നിവയ്‌ക്കൊപ്പം പൂള്‍ എയിലാണ് ഇന്ത്യ.