ക്രൂരതയുടെ തനിയാവര്‍ത്തനങ്ങള്‍

ഉത്തമജനാധിപത്യരാജ്യമെന്നും രാജ്യത്തിന്റെ ദൈനംദിന ഭരണത്തില്‍ കേള്‍വിയും കേള്‍പ്പോരുമുള്ള രാജ്യമെന്നുമൊക്കെ നാം സ്വയം അഹങ്കരിക്കുന്ന നമ്മുടെ ഈ ഇന്ത്യാ മഹാരാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിനേന എന്നോണം നിഷ്ടൂരമായ അക്രമത്തിന്റെയും കൊടുക്രൂരതയുടെയും ഗൗരവമുള്ള സംഭവങ്ങള്‍ വാര്‍ത്തകളിലൂടെ നാം അറിയുന്നു. എന്നാല്‍ അവക്കെതിരെയുള്ള നടപടികളുടെ കാര്യത്തില്‍ രാജ്യസര്‍ക്കാറിനോ ദേശസര്‍ക്കാറുകള്‍ക്കോ എ പ്ലസ് പോയിട്ട് എ ഗ്രെയ്ഡ് മാര്‍ക്ക് പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥ.
1  നിരവധി സ്ത്രീകളെ കാലങ്ങളായി ബലാല്‍സംഗം ചെയ്ത് ആ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പിന്നീടത് കാണിച്ച് ബലാല്‍സംഗം തുടര്‍ന്ന ഒരാധനാലായ മേധാവിയെ ഹരിയാനയിലെ ഫത്തേഹാബാദില്‍ അവസാനം പോലീസിന് അറസ്റ്റ് ചെയ്യേണ്ടിവന്നു. ബില്ലു എന്ന പേരുള്ള ഇയാളുടെ ലൈംഗികാതിക്രമങ്ങളുടെ 100 ലധികം വീഡിയോ ക്ലിപ്പിങ്ങുകളാണ് പോലീസ് കണ്ടെടുത്തിരിക്കുന്നത്. തങ്ങളുടെ കുടുംബങ്ങളിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഇയാളെ സമീപിച്ച സ്ത്രീകളാണത്രെ ബലാല്‍സംഗത്തിനിരയായിട്ടുള്ളത്. അതും തന്ത്രത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം. മാംസദാഹം തീര്‍ക്കുന്നതിനു പുറമ വീഡിയോ ചിത്രങ്ങള്‍ കാണിച്ചു പണം തട്ടുകയും ഇയാളുടെ പതിവായിരുന്നുവത്രെ.
2 പശുക്കടത്തിന്റെ പേരില്‍ രാജസ്ഥാനിലെ അല്‍വാറിലെ ആള്‍ക്കൂട്ടക്കൊല. നേരത്തെ രാജ്യത്ത് നടന്ന ആള്‍കൂട്ടക്കൊലകളുടെ തുടര്‍ച്ചതന്നെ ഇത്. ആള്‍ക്കൂട്ടക്കൊലകള്‍ അവസാനിപ്പിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടതിന്റെ ചൂടാറും മുമ്പാണ് അന്‍വാറില്‍ ഈ ആള്‍ക്കൂട്ടക്കൊലയുണ്ടായിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പശുക്കടത്ത് ആരോപിച്ച് റഖ്ബല്‍ഖാനെന്ന 28 കാരനെ ജനക്കൂട്ടം ആക്രമിച്ചത്. ലോറിയില്‍ പശുക്കളെയും കൊണ്ടുപോവുകയായിരുന്നു അയാള്‍. ആക്രമത്തില്‍ പരിക്കേറ്റ ഉടനെ അയാളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കുന്നതിന് പകരം പശുക്കളെ ഗോശാലയിലേക്കയക്കാന്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നുവത്രെ പോലീസ്. വളരെ വൈകി ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അയാള്‍ മരണപ്പെട്ടു. വ്യാഴാഴ്ചയും നടന്നു മറ്റൊരാള്‍ക്കൂട്ടക്കൊലപാതകം മദ്ധ്യപ്രദേശ് തലസ്ഥാനനഗരമായ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്ത്. കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ എത്തിയവരെന്ന് ആരോപിച്ച് മാനസിക്വാസ്ഥ്യമുള്ള ഒരു യുവതിയെയാണ് അവിടെ ജനക്കൂട്ടം തല്ലിക്കൊന്നത്
3 മറ്റൊരുസംഭവം ഇങ്ങിനെ. ബിഹാറിലെ മുസഫര്‍ പൂരില്‍ 16 പെണ്‍കുട്ടികള്‍ പീഡനത്തിനിരയാവുകയും അവരിലൊരുവള്‍ കൊന്ന് കുഴിച്ചുമൂടപ്പെട്ടുകയും ചെയ്തു. അന്തേവാസികളായ പെണ്‍കുട്ടികളെ അഭയകേന്ദ്രം അധികൃതര്‍ തന്നെ പീഡനത്തിനിരാക്കുന്നതായി വിവരം പുറത്തുവന്നതിനെതുടര്‍ന്ന് കേന്ദ്രം അടച്ചുപൂട്ടിയിരന്നു. ഇവിടെ നിന്നും പോലീസ് രക്ഷപ്പെടുത്തിയ 16 പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കേസ്സില്‍ അഭയകേന്ദ്രനടത്തിപ്പുകാരും ജില്ലാ ശിശുസംരക്ഷണ ഓഫീസറും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടത്രെ. പോലീസ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളിലൊരാളാണ് മറ്റൊരുവളെ കൊന്നു കുഴിച്ചു മൂടിയ വിവരം പുറത്തുവിട്ടത്.
4 ഈ പറഞ്ഞതൊക്കെ സ്ത്രീ പീഡനത്തിന്റെയും കൊലപാതകങ്ങളുടെയു മൊക്കെ കഥ. എന്നാലിതാ നമ്മുടെ അയല്‍ ദേശമായ തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്ത് തിരുമലൈ കൗണ്ടര്‍ പാളയം ഗവ. ഹൈസ്‌കൂളില്‍ നിന്നും ഹീനമായ ഒരു ഐത്തത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. സ്‌കൂളിലെ പാചകക്കാരി ദളിത് വിഭാഗമായ അരുന്ധതിയാര്‍ സമുദായത്തില്‍ പെട്ട പാപ്പാള്‍ എന്ന സ്ത്രീയായത് കൊണ്ട് അവിടെ മുന്നോക്ക ജാതിക്കാരായ കൗണ്ടര്‍സമുദായക്കാര്‍ തങ്ങളുടെ കുട്ടികളെ ആ സ്‌കൂളിലേക്കയക്കില്ല എന്ന വാശിയിലാണ്. ബന്ധപ്പെട്ട അധികൃതരും മാറ്റും എത്ര ശ്രമിച്ചിട്ടും ഇത് വരെ ഇതിനൊരുതീരുമാനമായിട്ടില്ല. ഇതിനെതിരെ ദളിതരും അവരെ പിന്തുണക്കുന്നവരും പാപ്പാള്‍ എന്ന സ്‌കൂള്‍ വെപ്പുകാരിയുടെ വീട്ടില്‍ തന്നെ സദ്യയൊരുക്കി പ്രതിഷേധിച്ചു. വേറെയും പ്രതിധേഷങ്ങള്‍ ഒരു പാടു നടക്കുന്നുണ്ട്. എന്നിട്ടും പ്രശ്‌ന പരിഹാരം ഇത് വരെ ആയിട്ടില്ലത്രെ.
നോക്കണേ നമ്മുടെ ദുരവസ്ഥ. ഇങ്ങിനെയൊക്കെ സംഭവിച്ചിട്ടും ഒരു കേസ്സിലും ജാഗ്രതയോടെയും ആര്‍ജവത്തോടെയുമുള്ള അധികൃത നടപടികളുണ്ടാവുന്നില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ എന്നമട്ടില്‍ ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണവും വിചാരണയുമൊക്കെ നടക്കുന്നു. ഒരു കുറ്റകൃത്യമുണ്ടായാല്‍ ചുരുങ്ങിയത് അഞ്ചും പത്തും വര്‍ഷങ്ങള്‍ എടുക്കുന്നു സാധാരണഗതിയില്‍ അതിന്മേല്‍ ഒരു തീരുമാനമാവാന്‍. ഇതിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇന്നലെ തിരുവനന്തപുരത്ത് വിധി പറഞ്ഞ ഉദയകുമാര്‍ ഉരുട്ടി കൊലക്കേസ്സ്. ഈ കേസിന് ആസ്പദമായ സംഭവം ഉണ്ടായത് 2005 ല്‍. നമ്മുടെ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി നിയമവും തെളിവു നിയമവുമൊക്കെ ഒരു പുനര്‍ വായനയ്ക്ക് വിധേയമാക്കേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.