തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് ; പ്രൊജക്ട് ഹോപ്പ് ശ്രദ്ധേയമാകുന്നു.

വിദ്യാര്‍ത്ഥികളെ തോല്‍വിയില്‍ നിന്നും കര കയറ്റി വിജയപാതയിലെത്തിക്കുന്ന പ്രോജക്ട് ഹോപ്പ് പദ്ധതി ശ്രദ്ധേയമാകുന്നു.പരാജിതര്‍ക്ക് പ്രതീക്ഷയുടെ കൈത്താങ്ങ് നല്‍കി വിജയികളാക്കുന്നതില്‍ ഹോപ്പ് നല്‍കുന്ന സേവനം പ്രശംസനീയമാണ്.എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ പരാജയപ്പെടുന്ന കുട്ടികളെയും പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന കുട്ടികളെയും കണ്ടെത്തി പ്രാദേശികമായ കൂട്ടായ്മകള്‍ സൃഷ്ടിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ അക്കാദമികമായ അടിസ്ഥാന യോഗ്യത കൈവരിക്കാനും തൊഴില്‍പരമായി മുന്നേറുവാനുള്ള പരിശീലനവും പ്രചോദനവും നല്‍കുക എന്ന ഉദ്യേശ്യത്തോടെ രൂപം കൊണ്ട പദ്ധതിയാണ് പ്രൊജക്ട് ഹോപ്പ്.പോലീസും പൊതു ജനങ്ങളുമാണ് ഹോപ്പിനെ സഹായിക്കുന്നത്. വിവിധ ജില്ലകളില്‍ പ്രതീക്ഷക്കൊത്ത വിജയം നേടിയ ഹോപ്പ് പദ്ധതി താല്പര്യമുള്ള ആളുകളെ ഉള്‍പ്പെടുത്തി പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുവാനുള്ള ശ്രമത്തിലാണ്.
എസ്.എസ്.എല്‍.സി. പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും വിജയിച്ചവരെ കുറിച്ചു മാത്രമേ നമ്മള്‍ ചിന്തിക്കൂ.തോല്‍വിയേറ്റു വാങ്ങി നിത്യ നിരാശയിലേക്ക് തള്ളപ്പെടുന്ന കുട്ടികള്‍ നേരിടുന്ന അപമാനവും അവഗണനയും അന്നത്തെ കൊച്ചി റേഞ്ച് ഐ.ജി ആയിരുന്ന പി.വിജയന്‍ ഐ.പി.എസ് ഉള്‍പ്പെടെയുളളവരെ ചിന്തിപ്പിച്ചു.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സുമനസ്സുകള്‍ ചിന്തിച്ചതിന്റെ ഫലമായി പിറവിയെടുത്ത സംരംഭമാണ് ഹോപ്പ്.
പരാജയങ്ങളെ ഏറ്റുവാങ്ങാത്തവരായി ആരുമില്ല.അതിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെ കണ്ടെത്തി അവ പരിഹരിക്കാന്‍ സാധിച്ചാല്‍ പരാജയങ്ങളൊക്കെയും മഹത്തായ വിജയങ്ങളുടെ ആധാര ശിലകള്‍ മാത്രമാണ്.ഈയൊരു കാഴ്ചപ്പാടാണ് ഹോപ്പ് പദ്ധതിക്കുള്ളത്. ജില്ലാ പോലീസ് മേധാവികളായ എസ്.സുരേന്ദ്രന്‍ ഐ.പി.എസ്(ആലപ്പുഴ) വി.എം.മുഹമ്മദ് റഫീഖ്.ഐ.പി.എസ്(കോട്ടയം)ജില്ലാ പോലീസ് മേധാവികളായിരുന്ന എന്‍.രാമചന്ദ്രന്‍ ഐ.പി.എസ്(കോട്ടയം).എ.വി.ജോര്‍ജ് ഐ.പി.എസ് (എറണാകുളം) എന്നിവരുടെ നേതൃത്വത്തിലാണ് ഹോപ്പ് പദ്ധതി നടപ്പാക്കിയത്.