നെയ്മര്‍ പി.എസ്.ജിയില്‍ തന്നെ

neymar-psg

പാരീസ്: ആകാംഷകള്‍ക്ക് അവസാനം. താന്‍ ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മ്മയിനില്‍ തന്നെ തുടരുമെന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറുടെ വെളിപ്പെടുത്തല്‍. നെയ്മര്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയേക്കും എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് താരം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. ബ്രസീലിലെ സാവോ പോളോയില്‍ തന്റെ പേരിലുള്ള സന്നദ്ധ പ്രവര്‍ത്തന സംഘടനയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ലോകത്തെ ഏറ്റവും വിലയേറിയ താരമായ നെയ്മര്‍ മാധ്യമ പ്രവര്‍ത്തകരോട് താന്‍ പി.എസ്.ജിയില്‍ തന്നെ തുടരുമെന്ന കാര്യം വ്യക്തമാക്കിയത്. ഞാന്‍ ഇവിടെത്തന്നെയാണ്. പാരീസില്‍ തന്നെ. പി.എസ്.ജിയുമായി എനിക്കൊരു കരാറുണ്ട്. നെയ്മര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം റെക്കാഡ് തുകയ്ക്കാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്ന് നെയമറെ പി.എസ്.ജി സ്വന്തമാക്കിയത്. 222 മില്യണ്‍ യൂറോ ( ഏകദേശം 1788 കോടിരൂപ) യുടെ കരാറിലാണ് നെയ്മറെ പി.എസ്.ജി പാരീസില്‍ എത്തിച്ചത്. ലോകഫുട്ബാളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് പോയതിന് പകരമായി നെയ്മറെ റയല്‍ ടീമിലെത്തിച്ചേക്കും എന്നായിരുന്നു നേരത്തേ പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ റയല്‍ മാഡ്രിഡ് ക്ലബ് അധികൃതര്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.