വമ്പന്‍ കരാര്‍; ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം  പറ്റുന്ന എട്ടാമത് കായിക താരമായി ലൂയിസ് ഹാമില്‍ട്ടണ്‍

lewis hamilton

ഫോര്‍മുല വണ്‍ (എഫ് വണ്‍) കാറോട്ട മത്സരത്തിലെ ലോകചാമ്പ്യന്‍ ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ മെഴ്‌സിഡസുമായുള്ള കരാര്‍ 2020വരെ നീട്ടി. നാലു കോടി പൗണ്ട് (359 കോടി രൂപ) വാര്‍ഷിക പ്രതിഫലമെന്ന നിലയിലാണ് മുപ്പത്തിമൂന്നുകാരനായ ഹാമില്‍ട്ടണ്‍ മെഴ്‌സിഡസുമായി കരാറിലായത്. ബോണസും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടാതെയുള്ള തുകയാണിതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന കായിക താരങ്ങളില്‍ എട്ടാം സ്ഥാനക്കാരനായി ഹാമില്‍ട്ടണ്‍. അമേരിക്കന്‍ ബോക്‌സിംഗ് താരം ഫ്‌ളോയ്ഡ് മെയ്‌വെതറാണ് വാര്‍ഷിക പ്രതിഫലത്തില്‍ ഒന്നാമതുള്ളത്. 1,897 കോടി രൂപ (21.1 കോടി പൗണ്ട്) ആണ് മെയ്‌വെതറിന്റെ വാര്‍ഷിക ശമ്പളം. എഫ് വണ്‍ ഡ്രൈവര്‍മാരില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരമെന്ന റിക്കാര്‍ഡും ഇതോടെ ഹാമില്‍ട്ടണ്‍ സ്വന്തമാക്കി. ഫെരാരിയുടെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിനെയാണ് (341 കോടി രൂപ) ബ്രിട്ടീഷ് താരം മറികടന്നത്. ഫെരാരിയുടെ കിമി റൈക്കോണ്‍ ആണ് (274 കോടി രൂപ) നിലവില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന ഡ്രൈവര്‍മാരില്‍ മൂന്നാം സ്ഥാനത്തുള്ളത്.
നാലു തവണ (2008, 2014, 2015, 2017 വര്‍ഷങ്ങളില്‍) എഫ് വണ്‍ ലോക ചാമ്പ്യനായ താരമാണ് ഹാമില്‍ട്ടണ്‍. 2008ല്‍ മക്‌ലാരന്റെ
ഡ്രൈവറായിരിക്കേ എഫ് വണ്‍ ചാമ്പ്യനായി ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് കുറിച്ചിരുന്നു. മക്‌ലാരന്‍ അന്നുപയോഗിച്ചിരുന്നത് മെഴ്‌സിഡസ് എന്‍ജിനായിരുന്നു എന്നതും രസകരം. 2013ലാണ് താരം മെഴ്‌സിഡസുമായി കരാറിലായത്. 2014ല്‍ മെഴ്‌സിഡസ് ടര്‍ബോ ഹൈബ്രിഡ് എന്‍ജിനുകള്‍ ഘടിപ്പിച്ചതോടെ ഹാമില്‍ട്ടണ്‍ എഫ് വണ്‍ ട്രാക്കില്‍ മിന്നല്‍പ്പിണര്‍ സൃഷ്ടിച്ചു. തുടര്‍ന്നു നടന്ന നാല് എഫ് വണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മൂന്നിലും ബ്രിട്ടീഷ് താരം മെഴ്‌സിഡസിനായി ചാമ്പ്യനായി.