അങ്ങനെ ആ പട്ടികയിലേക്ക് ധോണിയും…

DhoniRaina

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ക്കുമേല്‍ ‘വിരമിക്കല്‍ പ്രഖ്യാപനം’ എന്ന ഡമോക്ലീസിന്റെ വാള്‍ തൂങ്ങിക്കിടപ്പുണ്ടെന്നു ചരിത്രം പരിശോധിച്ചാല്‍ അറിയാം. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലും വെറുതെവിട്ടില്ല, സച്ചിന്‍ കളിതുടരുന്നതില്‍ പോലും അസഹിഷ്ണുത കാണിച്ചവരുണ്ട്. കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങി സൗരവ്ഗാംഗുലിയ്ക്കും വി.വി.എസ് ലക്ഷ്മണിനൊന്നും സൈ്വര്യം കൊടുത്തില്ല ചിലര്‍. അവരുടെ ആ പട്ടികയിലേക്ക് എം.എസ്.ധോണിയെയും സുരേഷ് റെയ്‌നയും ചേര്‍ക്കാമെന്നു തോന്നുന്നു.37 വയസ്സുകാരനായ ധോണിയും 32 കാരനായ സുരേഷ് റെയ്‌നയും ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കാന്‍ മടിക്കുന്നതെന്ത് എന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. റെയ്‌നെയാക്കാളേറെ ധോണിയെയാണ് വിമര്‍ശകര്‍ നോട്ടമിടുന്നത്. മുന്‍ ക്യാപ്റ്റന്‍ എന്നു വിരമിക്കുമെന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പര തോറ്റതോടെ ധോണിക്കെതിരെ ഒളിയമ്പുകള്‍ വന്നു തുടങ്ങി. രണ്ടാം മത്സരത്തിലെ മെല്ലപ്പോക്കിന് കാണികളുടെ കൂവല്‍ ലഭിച്ച ധോണിക്കെതിരെ പരോക്ഷമായി രംഗത്തുവന്നത് മുന്‍നായകന്മാരായ സൗരവ്ഗാംഗുലിയും സുനില്‍ ഗവാസ്‌ക്കറുമാണ്. ധോണിയുടെ സ്ഥാനത്ത് പുതിയ ആള്‍വരണമെന്നു പറയാതെ പറയുകയാണ് ദാദ. കെ.എല്‍.രാഹുല്‍, അജിക്യ രഹാനെ എന്നിവരുണ്ടായിട്ടും സുരേഷ്‌റെയ്‌ന ടീമില്‍ തുടരുന്നതിനെയും ദാദ വിമര്‍ശിക്കുന്നു. ധോണിയുടെയും റെയ്‌നയുടെയും ആരാധകര്‍ക്കു ഇതൊന്നും അത്ര പിടിച്ചില്ലെങ്കിലും ഗാംഗുലി പറഞ്ഞതില്‍ അല്‍പ്പം വാസ്തവമില്ലാതില്ല. ടെസ്റ്റില്‍ നിന്നു വിരമിച്ച ധോണി ട്വന്റി-20, ഏകദിന ടീമുകളില്‍ വിക്കറ്റ് കീപ്പിംഗ് ബാറ്റ്‌സ്മാനായി തുടരുകയാണ്.യുവതാരങ്ങള്‍ക്കു വഴിമാറാതെ ഇങ്ങനെ പോകുന്നത് ശരിയാണോയെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ടീമിനു ധോണി ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞെന്ന വിലയിരുത്തലുണ്ട്. ഏകദിന, ട്വന്റി-20 ലോകകപ്പുകള്‍, ചരിത്രം സൃഷ്ടിച്ച പരമ്പര നേട്ടങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ നായകത്വത്തില്‍ ഇന്ത്യനേടി. 2005ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി 13 വര്‍ഷം പിന്നിടുന്നു. 90 ടെസ്റ്റുകള്‍, 320 ഏകദിനങ്ങള്‍. ധോണിയുടെ കരിയര്‍ സമ്പന്നമാണ്.മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ’മിസറ്റര്‍ കൂള്‍’ 2014 ല്‍ ടെസ്റ്റില്‍ നിന്നു വിരമിച്ച് ട്വന്റി-20, ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും വിരാട് കോഹ്‌ലിക്കു കൈമാറി. പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷലിസ്റ്റായ സുരേഷ് റെയ്‌നയും സമീപകാല നേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ടീമില്‍ ഏറെക്കുറെ സ്ഥിരാംഗമെന്നേ, റെയ്‌നയപ്പറ്റി പറയാനാകൂ. പലപ്പോഴും ടീമിനു പുറത്തായിരുന്നു. ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയാണ് അദ്ദേഹം ടീമിലേക്ക് മടങ്ങിയെത്താറ്. ഇക്കഴിഞ്ഞ ഐ.പി.എല്‍ പ്രകടനത്തിന്റെയടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20, ഏകദിന പരമ്പരയില്‍ അംഗമായ റെയ്‌നയ്ക്ക് തകര്‍പ്പന്‍ പ്രകടനം നടത്താനായില്ല.ഏകദിന പരമ്പര അടിയറവ് വച്ചതോടെ ധോണിയെപ്പോലെ, റെയ്‌നയും ചില ക്രിക്കറ്റ് പണ്ഡിതന്മാരുടെയും മുന്‍ താരങ്ങളുടെയും നോട്ടപ്പുള്ളിയായി.ഏതായാലും ധോണിയെയും റെയ്‌നയെയും കുറിച്ച് ക്യാപ്റ്റന്‍ വിരാട്‌കോഹ്‌ലിക്കും കോച്ച് രവിശാസ്ത്രിക്കും പരാതികളില്ല. മാത്രമല്ല,ഇവരിലേറെ വിശ്വാസവുമാണ്. പ്രത്യേകിച്ചും ധോണിയുടെ കാര്യത്തില്‍. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് യുവതാരങ്ങള്‍ക്കു പോലും ഉണ്ടാകില്ലെന്നും 2019 ലോകകപ്പില്‍ ധോണി വേണമെന്നുമാണ് കോച്ചിന്റെയും ക്യാപ്റ്റന്റെയും ആഗ്രഹം. അടുത്ത ലോകകപ്പിനു ശേഷം ധോണി വിരമിക്കണമെന്നാണ് ടീം മാനേജ്‌മെന്റും ആരാധകരും ചിന്തിക്കുന്നത്. അതിനിടയില്‍ ആന്റി ക്ലൈമാക്‌സുണ്ടാകുമോ എന്നു കണ്ടറിയണം.