ഹസാര്‍ഡിനു വേണ്ടി വലയെറിയാന്‍ റയലിനൊപ്പം ബാഴ്‌സയും

Hasard&Realmandid&Barcelona

ലാലിഗയില്‍ ബെല്‍ജിയം ക്യാപ്റ്റന്‍ ആര്‍ക്കൊപ്പം? എസ്.കെ.പി

ബെല്‍ജിയം ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡിനെ ടീമിലെത്തിക്കാന്‍ സ്പാനിഷ് ലീഗിലെ രാജാക്കന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ശ്രമം തുടങ്ങി. റയല്‍ മാഡ്രിഡാണ് ആദ്യം താരത്തെ തങ്ങളുടെ ക്യാമ്പിലെത്തിക്കാന്‍ വേണ്ടിയിറങ്ങിയത്. എതിരാളികളായ ബാഴ്‌സലോണയും വിടാതെ തൊട്ടുപിന്നില്‍ തന്നെയുണ്ട് എന്നാണ് ലാലിഗയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.ലോകകപ്പില്‍ ബെല്‍ജിയത്തെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ ഹസാര്‍ഡിന്റെ പ്രകടനം മഹത്തരമെന്നാണ് ഫുട്‌ബോള്‍ ലോകം വിധിയെഴുതിയത്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ താരം ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കു വേണ്ടിയാണ് കളിക്കുന്നത്.
2020 വരെ ചെല്‍സിയുമായി കരാര്‍ ഉണ്ട്. ആറുവര്‍ഷമായി ചെല്‍സി ജേഴ്‌സിയില്‍ ശ്രദ്ധേയ പ്രകടനമാണ് ഹസാര്‍ഡ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും ക്ലബ്ബ് വിടാന്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ലീഗിലെ യുവെന്റസിലേക്കു പോയതോടെയാണ് മാഡ്രിഡ് ഹസാര്‍ഡിനെ നോട്ടമിട്ടത്. ഫ്രാന്‍സിന്റെ എംബാപ്പെ, അല്ലെങ്കില്‍ ഹസാര്‍ഡ് എന്നായിരുന്നു ക്ലബ്ബ് അധികൃതരുടെ ചിന്ത.എംബാപ്പെ തന്റെ ക്ലബ്ബായ പി.എസ്.ജി വിടില്ലെന്നുറപ്പായതോടെ ഹസാര്‍ഡിനെ വിടാതെ പിന്തുടരുകയാണ് മാഡ്രിഡ്. റയലിന്റെ നീക്കങ്ങള്‍ അലോസരപ്പെടുത്തുക മുഖ്യ ശത്രുവായ ബാഴ്‌സലോണയെയാണെന്ന് ഉറപ്പാണല്ലോ. മെസി, സുവാരസ്, നെയ്മര്‍ സഖ്യത്തിലൂടെ കിരീടങ്ങള്‍ വെട്ടിപ്പിടിച്ച ബാഴ്‌സയ്ക്ക് നെയ്മറെ ഇടക്കാലത്ത് നഷ്ടമായി.ലോകകപ്പില്‍ ഹസാര്‍ഡിന്റെ ഉജ്ജ്വല പ്രകടനത്തില്‍ ബാഴ്‌സയുടെയും കണ്ണുടക്കിയതില്‍ തെറ്റില്ല. മിഡ്ഫീല്‍ഡില്‍ ആന്ദ്രെ ഇനിയേസ്റ്റ പോയ ഒഴിവില്‍ അവര്‍ക്കു വേണം പ്രഗത്ഭനായൊരു പ്ലേമേക്കറെ. ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിടിച്ചിനൊപ്പം ഹസാര്‍ഡ് ചേരുന്നത് സ്വപ്‌നം കാണുകയാണ് ബാഴ്‌സ ആരാധകര്‍. ലാലിഗയിലെ വമ്പന്മാര്‍ വലയെറിയുമ്പോള്‍ ഏതിലാകും ഹസാര്‍ഡ് കുരുങ്ങുക എന്ന് കണ്ടറിയാം. 2012 ല്‍ ചെല്‍സിയിലെത്തിയ താരം ഈയിടെ ഇങ്ങനെ പറഞ്ഞു.”ആറുവര്‍ഷങ്ങള്‍ മനോഹരമായിരുന്നു. എന്നാല്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.” റയല്‍ മാഡ്രിസില്‍ ക്രൊയേഷ്യയുടെ ലൂക്കോ മോഡ്രിച്ചിനൊപ്പമോ ബാഴ്‌സയില്‍ ഇവാന്‍ റാക്കിട്ടിച്ചിനും മെസിക്കുമൊപ്പമോ ഇനി ക്ലബ്ബ് ഫുട്‌ബോളില്‍ ഇഡന്‍ ഹസാര്‍ഡിനെ കാണുക?