ലോക കാല്‍പന്ത് കളിയുടെ വര്‍ത്തമാനം

ലോകം മുഴുവന്‍ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്ത കാല്‍പന്ത് കളിയുടെ മഹാബഹത്തിന് മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച തിരശ്ശീല വീണു. ഫ്രഞ്ച് കളിക്കാരുടെ പട ലോക കിരീടം ഏറ്റുവാങ്ങികൊണ്ടു പോവുകയും ചെയ്തു. ഫൈനലില്‍ വിയര്‍ത്ത് കളിച്ച ക്രൊയേഷ്യക്ക് രണ്ടാം സ്ഥാനം മാത്രം. എന്നാല്‍ ഇരു കക്ഷികളുടെയും സമ്മാനത്തുക കേട്ടാല്‍ നാം ഞെട്ടും. ഫ്രഞ്ച് ടീമന്റേത് 260 കോടി രൂപയാണെങ്കില്‍ ക്രൊയേഷ്യയുടേത് 191 കോടി രൂപ. ഫ്രാന്‍സിന്റെയും ക്രൊയേഷ്യയുടെയും ടീമുകള്‍ ഫൈനലില്‍ സാമാന്യം നന്നായികളിച്ചു എന്നുതന്നെയാണ് പൊ തു വിലയിരുത്തല്‍. പക്ഷെ ഫ്രഞ്ച് ടീമിലെ കളിക്കാര്‍ക്ക് കളിയില്‍ തഴക്കവും വഴക്കവും വിജയ ചരിത്രവും വേണ്ടത്രയുള്ളപ്പോള്‍ ക്രൊയേഷ്യ ഫൈനലിലെത്തുന്നത് ഇതാദ്യം. കേവലം 28 വര്‍ഷത്തെ കാല്‍പന്തുകളിയുടെ ചരിത്രമേ അവര്‍ക്കുള്ളുതാനും. എന്നാല്‍ ഇത്തവണ ത്തെ ലോകകപ്പ് മത്സരത്തില്‍ ഒരൊറ്റ ഗെയ്മിലും അവര്‍ പരാജയപ്പെട്ടിട്ടില്ല എന്നതും ജേതാക്കളായ ഫ്രഞ്ച് ടീം മത്സരത്തില്‍ 10 ഗോളുകള്‍ മൊത്തം നേടിയപ്പോള്‍ ക്രൊയേഷ്യ 12 ഗോളുകള്‍ നേടി എന്നതും കാണാതെ വയ്യ. ഇക്കാരണം കൊണ്ടൊക്കെതന്നെ ലോകകപ്പില്‍ മുത്തമിടാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കിലും തങ്ങള്‍ ലോക ഫുഡ്‌ബോളിന്റെ രാജനിരയിലെത്തി എന്നവര്‍ക്കഭിമാനിക്കാം.
ഫ്രഞ്ച് ടീമും മികവോടെ തന്നെ കളിച്ചു. അല്ലെങ്കില്‍ ആദ്യാവസാനം പൊരുതിക്കളിച്ച ക്രൊയേഷ്യയോട് അവര്‍ ജയിക്കുമായിരുന്നില്ലല്ലോ. ഭാഗ്യവും അവര്‍ക്കൊപ്പമായിരുന്നു. പണ്ട് 1998 ല്‍ ആദ്യമായി ലോകകപ്പ് നേടിയശേഷം അവരുടെത് ചരിത്രത്തിലെ രണ്ടാം ലോക കപ്പ് വിജയം. പതിവിനുവിപരീതമായി ഈ ഫൈനല്‍ മത്സരത്തില്‍ ഒരു ഗോള്‍ മഴ തന്നെയുണ്ടായി. ഫ്രാന്‍സ് 4 ഗോളുകളും ക്രൊയേഷ്യ 2 ഗോളുകളും നേടി. കളിയുടെ 18-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ സ്‌ട്രൈക്കര്‍ മതിയോ മന്‍സുകിച്ചി കാരണമായി ഒരു സെല്‍ഫ്‌ഗോള്‍. എന്നാല്‍ 28-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്റെ ഗോളില്‍ ക്രോയേഷ്യ സമനിലപിടിച്ചു. 38-ാം മിനിറ്റില്‍ ഫ്രാ ന്‍സിനനുകൂലമായി വന്ന പെനാല്‍റ്റി കിക്കില്‍ ഗ്രീസ്മാന്റെ വക ഫ്രാന്‍സിന് രണ്ടാം ഗോള്‍. ഇടവേളക്കുശേഷം കളിയുടെ 59-ാം മിനിറ്റില്‍ ഫ്രഞ്ച് താരം പ്രെഗ്ഭ നേടിയ ഗോളും 65-ാം മിനിറ്റില്‍ എംബൊപേ നേടിയ ഗോളും ഫ്രാന്‍സിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു. പിന്നീട് കളിയുടെ 69-ാം മിനിറ്റില്‍ മന്‍സുകിച്ച് ക്രൊയേഷ്യക്കുവേണ്ടി ഒരു ഗോള്‍ കൂടി നേടി. തുടര്‍ന്ന് ഫ്രാന്‍സിന്റെ ഭാഗത്തു നിന്നു പ്രതിരോധം മാത്രം. അങ്ങിനെ ഇരു ടീമുകളുടെയും പൊരിഞ്ഞകളിക്കവസാനം 21-ാം വേള്‍ ഡ്കപ്പ് ഫ്രാന്‍സിന്റെ കളിമുറ്റത്ത്. ആ രാജ്യത്തിന്റെ ദേശീയ ദിനമായിരുന്നു കഴിഞ്ഞ ശനിയാഴ്ച. എന്നാല്‍ ഫ്രഞ്ചുകാര്‍ ആഘോഷങ്ങള്‍ വേള്‍ഡ് കപ്പ് വിജയത്തോടൊപ്പം ആവാമെന്ന മൂഡിലായിരുന്നു.
ബെല്‍ജിയമാണ് ലൂസേ ര്‍സ് മാച്ചില്‍ വിജയം വരിച്ചത്. ലോകമെമ്പാടും എല്ലാ നാടുകളിലും നഗരങ്ങളിലും കാല്‍പന്തുകളി പ്രിയര്‍ കഴിഞ്ഞ ഒരു മാസത്തോളമായി രാത്രികളുടെ നിശ്ശബ്ദതയെപോലും ഭേദിച്ചു കൊണ്ട് കളിരാവുകള്‍ ആസ്വദിക്കുകയായിരുന്നു. എല്ലാവന്‍കരകളിലും ജാതിക്കും മതത്തിനും വര്‍ണത്തിനും വംശത്തിനുമൊക്കെ അപ്പുറത്ത് സ്‌പോര്‍ട് സ്‌മേന്‍ സ്പിരിറ്റോടെയുള്ള കളി ദര്‍ശനങ്ങളും അവലോകനങ്ങളും നിരീക്ഷണങ്ങളും. ഒരു പക്ഷെ ഇപ്പറഞ്ഞ ഗണങ്ങ ക്കൊന്നും പ്രസക്തിയില്ലാത്തതും സാര്‍വലൗകീകത വിളമ്പരം ചെയ്യതുമായിരിക്കണം ഫുഡ്‌ബോള്‍ കളി. അത് കൊ ണ്ടുതന്നെ പരിധികളൊന്നുമില്ലാതെ ഒന്നിച്ചിരുന്ന കളിയാസ്വദി ക്കാന്‍ ലോകര്‍ക്ക് മുഴുവന്‍ കഴിഞ്ഞു. അവിടെ തന്നെയാണ് ഈ കളിയിനത്തിന്റെ യഥാര്‍ത്ഥ പ്രസക്തിയും
ഇങ്ങ് നമ്മുടെ ഈ കൊച്ചു കേരളത്തില്‍പോലും കളിക്കളത്തിലെ വിവിധടീമുകള്‍ക്ക് പിന്തുണയുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും പ്രദര്‍ശന കേന്ദ്രങ്ങളൊരുക്കിയും സാധാരണ ജനം ഈ മത്സരത്തെ നെഞ്ചിലേറ്റി. ശരിക്കും കളിച്ചവരെ അവന്‍ പിന്തുണച്ചു. തനി നാട്ടിന്‍ പുറത്തുകാരനായ വാഴക്കാട്ടെ മദ്ധ്യവയസ്‌കന്‍ ലത്തീഫ് എന്നാള്‍ക്ക് പോലും കണ്ട കളി ശരിക്കും പറയാനും സത്യസന്ധമായ അവലോകനം നടത്താനും കഴിഞ്ഞു എന്നത് ഈ കളിക്കുള്ള ഇവിടുത്തെ ജന പ്രിയത തുറന്നു കാട്ടുന്നു.
അവരുടെയൊക്കെ മനസ്സിലുള്ള ഇപ്പോഴത്തെ ചോദ്യം ഇതാണ്. നമ്മുടെ ഈ ഇന്ത്യാമഹാരാജ്യം എന്നാണാവോ ഇനി വേള്‍ഡ് കപ്പിന് കളിക്കാന്‍ ഒരു ടീമിനെ അയക്കുക. പണ്ട് ഒളിമ്പിക്‌സ് ഗെയ്മുകളില്‍ കാല്‍പന്തുകളിച്ച ചരിത്രം രാജ്യത്തിനുണ്ടെങ്കിലും ഇപ്പോഴാരംഗം വീ ണുകിടക്കുന്നു. അതേ സമയം നല്ല കളിക്കാരും പ്രസിദ്ധമായ ടീമുകളും ഇന്ത്യയില്‍ ധാരാളമുണ്ട് താനും.
ഇത്തവണത്തെ ലോകകപ്പിന് സമാപനമായ ഈ സന്ദര്‍ഭത്തില്‍ മത്സരത്തിന്റെ ആതിഥേയ രാജ്യമായ റഷ്യയെ അനുമോദിക്കാതെ വയ്യ. പഴുതടച്ച സംഘാടനവും കുറ്റമറ്റ സൗകര്യങ്ങളും പ്രസന്നമായ അന്തരീക്ഷവും അവിടെയുണ്ടായി. അവര്‍ ക്കും ഫ്രാന്‍സിന്റെയും ക്രൊയേഷ്യയുടെയും ടീമുകള്‍ക്കും കൊടുക്കാം ഒരു നീണ്ട കരഘോഷം.