ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

cort

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിന് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തടയാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.ജനക്കൂട്ടം ഒരാളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അപരിഷ്‌കൃതവും അപമാനകരവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ഇത്തരം പ്രവൃത്തികളെ ഉരുക്കുമുഷ്ടി കൊണ്ട് തന്നെ നേരിടണം.രാജ്യത്തെ ഒരാള്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ല ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാവിയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മതിയായ നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം അവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
അതേസമയം, ആള്‍ക്കൂട്ട ആക്രമണം ക്രമസമാധാന പ്രശ്‌നമാണെന്നും ഇത് തടയേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കാത്ത സാഹചര്യം ഉണ്ടായാല്‍ കോടതി ഇടപെടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനായി മാര്‍ഗനിര്‍ദ്ദേശം കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് മറുപടി നല്‍കി.നേരത്തെ കേസ് പരിഗണിച്ചപ്പോള്‍, സംസ്ഥാനങ്ങളോട് നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്തിന്റെ പേരിലായാലും ആള്‍ക്കൂട്ട ആക്രമണം ഗുരുതരമായ കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി, ക്രമസമാധാനം ഉറപ്പു വരുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, കോടതിയുടെ ഉത്തരവ് രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയില്‍ മൂന്ന് സംസ്ഥാനങ്ങളോടും കോടതി വിശദീകരണം തേടി.ഇന്ത്യയില്‍ ഈ വര്‍ഷം മാത്രം 85 പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.