ട്രംപിനെതിരെ പതിനഞ്ചുലക്ഷത്തിന്റെ ബലൂണ്‍

trump

ലണ്ടന്‍: ബ്രിട്ടനിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ കൂറ്റണ്‍ ബലൂണാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ആറടി ഉയരമുള്ള ബലൂണിന് ട്രംപിനോട് രൂപസാദൃശ്യമുണ്ട്. ഏകദേശം 15 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചെലവായത്. ലോകത്തെ മുഴുവന്‍ പുച്ഛത്തോടെ കാണുന്ന ട്രംപിന് ഏറ്റവും ഉചിതമായ മറുപടിയാണ് ബലൂണെന്നാണ് അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ലിയോ മുറെ എന്നയാള്‍ പറയുന്നത്.വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു സമീപമാണ് അമേരിക്കന്‍ പതാകയ്‌ക്കൊപ്പം ബലൂണും ഉയര്‍ത്തിയത്. ഇതിന്റെ ചിത്രമെടുക്കാനും സെല്‍ഫിയെടുക്കാനും തിരക്കോടുതിരക്കായിരുന്നു. ഇതുവരെ ഒരു അമേരിക്കന്‍ പ്രസിഡന്റും നേരിടാത്ത പ്രതിഷേധങ്ങളാണ് ബ്രിട്ടനില്‍ ട്രംപിനുനേരെ ഉണ്ടായത്. ട്രംപ് വിമാനമിറങ്ങിയതു തന്നെ പ്രതിഷേധക്കാരുടെ നടുവിലേക്കായിരുന്നു. അതിനിടെ വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ പ്രത്യേക ഗാര്‍ഡ് ഒഫ് ഓണര്‍ നിരീക്ഷിച്ച് നടക്കുന്ന ട്രംപിന്റെ വീഡിയോയും വൈറലായി. ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കുമ്പോള്‍ അതിഥി പിന്നിലായാണ് നടക്കുന്നത്. എന്നാല്‍ രാജ്ഞിക്ക് മുമ്പില്‍ നടക്കുന്ന ട്രംപിനെയും വശങ്ങളിലൂടെ മുന്നോട്ട് വരാന്‍ ശ്രമിക്കുന്ന രാജ്ഞിയെയും ദൃശ്യങ്ങളില്‍ കാണാം. അല്‍പ്പസമയം കഴിഞ്ഞ അബദ്ധം മനസിലാക്കിയ ട്രംപ് നടത്തം നിര്‍ത്തി രാജ്ഞിയുടെ നിര്‍ദ്ദേശത്തിനായി കാത്തുനില്‍ക്കുന്നതും വീഡിയാേയില്‍ വ്യക്തമാണ്.