റഷ്യയില്‍ നടന്നത് ‘ഫുട്‌ബോള്‍ വിപ്ലവം’

modric

ഒരു ലോകകപ്പ് ആഘോഷം കൂടി കടന്നു പോയി.റഷ്യയില്‍ 2018 ലോകകകപ്പ് അവസാനിച്ചപ്പോള്‍ കിരീടം ചൂടിയത് ഫ്രാന്‍സ്.റണ്ണേഴ്‌സ് അപ്പ് ക്രൊയേഷ്യ.മൂന്നാമത് ബെല്‍ജിയം നാലാമത് ഇംഗ്ലണ്ട്.മേല്‍പ്പറഞ്ഞ ടീമുകളെ നോക്കിയാല്‍ തന്നെ അറിയാം യൂറോപ്യന്‍ ആധിപത്യം.ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ ബ്രസീല്‍,അര്‍ജന്റീന,ജര്‍മ്മനി, സ്‌പെയിന്‍,പോര്‍ച്ചുഗല്‍ എന്നിവയെല്ലാം ക്വാര്‍ട്ടറിനപ്പുറത്തേക്ക് കടന്നില്ല.ഇതില്‍ ജര്‍മ്മനിയും അര്‍ജന്റീനയുമാണ് ഏറെ harry-kaneനിരാശപ്പെടുത്തിയത്.പാടിപുകഴ്ത്തിയ താരങ്ങളായ ലയണല്‍ മെസ്സി,നെയ്മര്‍,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നവരെല്ലാം ഒന്ന് മിന്നിയതല്ലാതെ പ്രകാശം പരത്തിയില്ല.പുതിയ താരങ്ങള്‍ ഏതൊരു ലോകകപ്പിലും ഉദയം ചെയ്യാറുണ്ട്.ഇക്കുറിയും പ്രതിഭാധനരായ കളിക്കാരുടെ പട്ടാഭിഷേകവും നമ്മള്‍ കണ്ടു.ക്രൊയോഷ്യയുടെ മോഡ്രിച്ച്,റാക്കിട്ടിച്ച്,ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പേ,ഇംഗ്ലണ്ടിന്റെ ഹാരി കെയിന്‍,ബെല്‍ജിയത്തിന്റെ ഈഡന്‍ ഹസാര്‍ഡ് തുടങ്ങിയവര്‍ ഈ ലോകകപ്പിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ടവരായി.ആധുനിക ഫുട്‌ബോളിന്റെ മിശിഹ എന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പായി ഇത്.അര്‍ജന്റീനയ്ക്ക് ഒരു കിരീടം നേടി കൊടുക്കാന്‍ കഴിയാത്ത നിരാശ എക്കാലത്തും മെസ്സിയെ വേട്ടയാടുമെന്നുറപ്പ്.പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റെണാള്‍ഡോ ഫോം തുടരുകയാണെങ്കില്‍ ഒരു പക്ഷേ ഖത്തറില്‍ കളിച്ചേക്കും.
വലിയ ടീമുകള്‍,ചെറിയ ടീമുകള്‍ എന്ന വ്യത്യാസം എങ്ങനെയാണ് നിര്‍വ്വചിക്കുക എന്ന ആശയക്കുഴപ്പത്തില്‍ ഫുട്‌ബോള്‍ പണ്ഡിതരെ എത്തിച്ച ലോകകപ്പ് കൂടിയായിരുന്നു റഷ്യയിലേത്.വമ്പന്‍ ടീമുകള്‍ക്ക് കാലിടറിയപ്പോള്‍ ചെറിയ ടീം എന്ന് കരുതിയ ക്രൊയേഷ്യയും ബെല്‍ജിയവുമൊക്കെയാണ് മുന്നേറിയത്.സൂപ്പര്‍ താരങ്ങളല്ല,ഒത്തൊരുമയും പോരാട്ട വീര്യവുമാണ് ജേതാക്കളെ സൃഷ്ടിക്കുന്നത് എന്ന് ഈ ലോകകപ്പ് തെളിയിച്ചു.ലാറ്റിന്‍ അമേരിക്കയുടെ ചാരുതയേക്കാള്‍ യൂറോപ്പിന്റെ പവറാണ് മേല്‍ക്കൈ നേടിയത്.ആഫ്രിക്കയുടേയും,ഏഷ്യയുടേയും ഫുട്‌ബോള്‍ ശൈലികളുടെ ചില സുന്ദര മുഹൂര്‍ത്തങ്ങളും റഷ്യയില്‍ കണ്ടു.കളി തന്ത്രങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായി.കൗണ്ടര്‍ അറ്റാക്കുകള്‍ ഫലപ്രദമായി ഉപയോഗിച്ച ടീമുകളാണ് കുതിപ്പ് നടത്തിയത്.ഉദാഹരണം ഫ്രാന്‍സും,ക്രൊയേഷ്യയും തന്നെ.പ്രതിരോധം ശക്തിപ്പെടുത്തിക്കിട്ടുന്ന അവസരത്തില്‍ എതിരാളികളുടെ വല കുലുക്കുന്ന തന്ത്രമാണ് ഫ്രാന്‍സ് ഈ ടൂര്‍ണ്ണമെന്റിലുടനീളം കാഴ്ച വെച്ചത്.പൊടുന്നനെയുള്ള മിന്നല്‍ നീക്കങ്ങളും കൃത്യമായ ഷോട്ട് സെലക്ഷനുമാണ് ഫ്രാന്‍സിനെ ചാമ്പ്യന്‍മാരാക്കിയത് എന്ന് പറഞ്ഞാല്‍ തെറ്റാകില്ല.ശാസ്ത്രീയമായ ഫുട്‌ബോള്‍, അതായത് എതിരാളികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ പഠിച്ചറിഞ്ഞ് കൃത്യമായ ആസൂത്രണത്തോടെ തന്ത്രങ്ങള്‍ മെനഞ്ഞ് അത് മൈതാനത്ത് നടപ്പാക്കുന്ന രീതിയാണ് ചെറിയ ടീമുകള്‍ എന്ന് വിശേഷിപ്പിച്ചവരുടെ മുന്നേറ്റങ്ങള്‍ക്ക് കാരണം.മികച്ച ഉദാഹരണം ക്രൊയേഷ്യ.ഒരു മാസക്കാലം ദിനരാത്രങ്ങളെ ആവേശത്തിലാഴ്ത്തിയാണ് റഷ്യയില്‍ 2018 ലോകകപ്പ് അവസാനിച്ചത്.ഭംഗിയായി ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചതിന് റഷ്യന്‍ സര്‍ക്കാറിന് അഭിമാനിക്കാം.ഇനി ഖത്തറിന്റെ ഊഴമാണ്.