കിരീടമില്ലാത്ത രാജാക്കന്മാരുടെ പട്ടികയില്‍ മോഡ്രിച്ചും

modric-croatia_

മോസ്‌കോ: കിരീടം നേടുന്ന ടീമിന് അധികം ലഭിച്ചിട്ടില്ലാത്ത ഗോള്‍ഡന്‍ ബോള്‍ നേട്ടം..! ക്രൊയേഷ്യ പ്രാര്‍ഥിച്ചത് ഈ നേട്ടം ലഭിക്കരുതെന്നായിരുന്നു. പക്ഷേ, റഷ്യയും പതിവ് തെറ്റിച്ചില്ല, ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ റഷ്യന്‍ കാര്‍ണിവലിനു തിരശീല വീഴുന്‌പോള്‍ ലോകകപ്പിലെ മികച്ച കളിക്കാരനു ലഭിക്കുന്ന സ്വര്‍ണപ്പന്ത് പോകുന്നത് ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിന്റെ ഷോക്കേസിലേക്ക്. ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് നായകനും മധ്യനിരയില്‍ കളി മെനയുന്നയാളുമായ ലൂക്ക മോഡ്രിച്ചായിരുന്നു. ഈ ടൂര്‍ണമെന്റ് മോഡ്രിച്ചിന് മികച്ചതായിരുന്നു. രണ്ടു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച മിഡ്ഫീല്‍ഡ് ജനറലാണ് മോഡ്രിച്ച്. ന്‍സിന്റെ ആന്‍ത്വാന്‍ ഗ്രീസ്മാനാണ് മോഡ്രിച്ചിനു നേട്ടത്തില്‍ ഭീഷണി ഉയര്‍ത്തിയിരുന്നത്. സെറ്റ്പീസുകളിലെ വൈദഗ്ധ്യമായിരുന്നു ഗ്രീസ്മാന്റെ മാസ്റ്റര്‍പീസ്. ഫൈനലിലെ ആദ്യ രണ്ടു ഗോളുകളില്‍ പങ്ക് നേടി ഗ്രീസ്മാന്‍ സ്വര്‍ണപ്പന്ത് പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഫിഫ ആകെ കണക്കെടുത്തപ്പോള്‍ മോഡ്രിച്ച് ഇരുന്ന തട്ട് തുലോം താഴ്ന്നുതന്നെയിരുന്നു.ബ്രസീല്‍ ലോകകപ്പില്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി നേരിട്ട അതേവിധി തന്നെയാണു ക്രൊയേഷ്യന്‍ നായകനും വിധിക്കപ്പെട്ടത്. റൊമാരിയോ സ്വര്‍ണ പന്ത് നേടിയ 1994ല്‍ ബ്രസീല്‍ ജേതാക്കളായിരുന്നു. എന്നാല്‍ ഫ്രാന്‍സ് ലോകകപ്പ് മുതല്‍ വിജയികളായ ടീമിലെ താരത്തിന് ഗോള്‍ഡന്‍ ബോള്‍ ലഭിച്ചിട്ടില്ല. റഷ്യയില്‍ സ്വര്‍ണപ്പന്ത് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മോഡ്രിച്ചിനും ഈ ഗതികേടുണ്ടാവുമോ എന്ന പേടിയിലായിരുന്നു ക്രോട്ടുകള്‍. ഒടുവില്‍ പ്രതീക്ഷിച്ചതുതന്നെ സംഭവിക്കുകയും ചെയ്തു. കയ്യടികള്‍ക്കിടയിലൂടെ തലതാഴ്ത്തി മടങ്ങിയവരുടെ പേരുകള്‍ ഇതിഹാസങ്ങള്‍ക്കൊപ്പം എഴുതപ്പെട്ടതാണ് എന്നതു മാത്രമാണ് മോഡ്രിച്ചിനെ ആശ്വസിപ്പിക്കുന്നത്. റൊണാള്‍ഡോ, ഒലിവര്‍ ഖാന്‍, സിനദിന്‍ സിദാന്‍, ഡീഗോ ഫോര്‍ലാന്‍, ലയണല്‍ മെസി എന്നിവരാണ് സ്വര്‍ണപ്പന്ത് മാത്രം സ്വന്തമാക്കി വേദിവിട്ടവര്‍. ഈ പേരുകാരുടെ പട്ടികയിലേക്ക് മോഡ്രിച്ചും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.