ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശം: തരൂരിനെതിരെ കേസ്

sashi taroor

കൊല്‍ക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ, ഹിന്ദു പാകിസ്ഥാന്‍ ആകുമെന്ന് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ദേശീയതയെ അവഹേളിക്കുന്ന 1971ലെ നിയമം എന്നിവ അനുസരിച്ചാണ് കേസ്. തരൂരിനോട് അടുത്ത മാസം 14ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ സുമീത് ചൗധരിയാണ് തരൂരിനെ പരാതി നല്‍കിയത്. തരൂരിന്റെ പരാമര്‍ശം രാജ്യത്തോടുള്ള അവഹേളനമാണെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.
പരാമര്‍ശം വിവാദമായിട്ടും അത് തിരുത്തി മാപ്പ് പറയാന്‍ തരൂര്‍ തയ്യാറായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഭരണഘടനയുള്ള ഒരു രാജ്യത്ത് ഇത്തരം പ്രവൃത്തികള്‍ ആശാസ്യമല്ല. ഇത് രാജ്യത്തെ ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും രണ്ട് മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ പോന്നതുമാണ്. ഇന്ത്യയെ പോലൊരു മതേതര രാഷ്ട്രത്തെ പാകിസ്ഥാന്‍ പോലുള്ള ഇസ്‌ളാമിക രാജ്യത്തോട് താരതമ്യം ചെയ്തതിലൂടെ ഇന്ത്യാക്കാരെ മുഴുവന്‍ തരൂര്‍ അവഹേളിച്ചുവെന്നും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഭാ പുരസ്‌കാരദാന ചടങ്ങില്‍ ‘ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തിയപ്പോഴായിരുന്നു തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്.
മോദി ഭരണത്തില്‍ പശുക്കള്‍ മനുഷ്യരെക്കാള്‍ സുരക്ഷിതരാണ്. കൈയിലുള്ള പൊതി ഗോമാംസമാണെന്ന് സംശയിക്കപ്പെട്ടാല്‍ പോലും ജീവന്‍ അപകടത്തിലാകുന്ന സ്ഥിതിയാണ്. ഇതേസര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചാല്‍ ഇന്ത്യ ‘ഹിന്ദു പാകിസ്ഥാനാ’യി മാറും. ഇന്ത്യന്‍ ഭരണഘടന പരിപാവനമെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അതംഗീകരിക്കുന്നില്ല. എല്ലാ മതങ്ങളേയും സംരക്ഷിക്കാനുള്ള ചുമതല രാജ്യം ഒറ്റക്കെട്ടായി ഏറ്റെടുക്കണം. ഇന്ത്യയില്‍ ഫാസിസമില്ലെന്ന ഇടത് നേതാക്കളുടെ നിലപാട് അപക്വമാണ്.അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് രാജ്യത്ത്. ഭരണഘടനാനുസൃതമായ എല്ലാ സംവിധാനങ്ങളും തകര്‍ക്കുകയാണ്. രാജ്യസഭയില്‍കൂടി ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടനയും തിരുത്തും. അതോടെ മതേതരത്വം ഇല്ലാതാവും ഇതായിരുന്നു തരൂരിന്റെ പ്രസ്താവന.