കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി

EX-cm-Kiran-Kumar-Reddy

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് റെഡ്ഡി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിലേക്കുള്ള മടക്കം സന്തോഷം പകരുന്നതാണെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലെ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും നീതി ലഭിക്കുകയുള്ളുവെന്നും റെഡ്ഡി പറഞ്ഞു.
ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. റെഡ്ഡിയുടെ തിരിച്ചുവരവ് കോണ്‍ഗ്രസിന് ശക്തിപകരുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പാര്‍ട്ടിയില്‍ തിരിച്ചെത്തുമ്പോള്‍ അര്‍ഹമായ സ്ഥാനം നല്കണമെന്ന റെഡ്ഡിയുടെ ആവശ്യം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയെന്നാണ് വിവരം. റെഡ്ഡിക്ക് എഐസിസി ജനറല്‍ സെക്രട്ടറിസ്ഥാനം നല്കിയേക്കുമെന്നാണു സൂചന.
ആന്ധ്രാ വിഭജന വിഷയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കിരണ്‍കുമാര്‍ റെഡ്ഡി ‘ജയ് സമൈക്യാന്ധ്ര’ എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചിരുന്നെങ്കിലും കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല.
നാലു വര്‍ഷമായി റെഡ്ഡി രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. ഉമ്മന്‍ ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതനായതോടെ പാര്‍ട്ടി വിട്ട നേതാക്കളെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമാണ് റെഡ്ഡിയുടെ തിരിച്ചുവരവ്. ഈ മാസം ആദ്യം ഹൈദരാബാദില്‍വച്ച് കിരണ്‍കുമാര്‍ റെഡ്ഡിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ കിഷോര്‍കുമാര്‍ ഏതാനും മാസം മുന്‍പ് ടിഡിപിയില്‍ ചേര്‍ന്നിരുന്നു.