പുതുതലമുറ ചരിത്രസൂക്ഷിപ്പുകളുടെ കാവലാളാകണം :മന്ത്രി

കോഴിക്കോട്: പുതിയ തലമുറ ചരിത്രസൂക്ഷിപ്പുകളുടെ കാവലാളാകണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹെറിറ്റേജ് ക്ലബുകള്‍ക്കുളള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ഇ. മൊയ്തുമൗലവി സ്മാരക ദേശീയ മ്യൂസിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചരിത്രത്തെ തിരുത്താനും തെറ്റായ രീതിയില്‍ അവതരിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് പുരാരേഖകളുടേയും പുരാവസ്തുക്കളുടേയും സംരക്ഷണം അതീവ പ്രാധാന്യമുളളതാണ്. താജ്മഹലിന്റെ സംരക്ഷണത്തിന് നീതിപീഠം ഇടപെടേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നു. സാംസ്‌കാരിക പൈതൃകത്തോടുളള ആത്മബന്ധം സൂക്ഷിക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.
ഇ.മൊയ്തുമൗലവി ദേശീയസ്മാരകത്തിലെ അമൂല്യരേഖകള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവിന്റെ സ്മരണകള്‍ നിലനിര്‍ത്തി കേരളത്തില്‍ അദ്ദേഹം സഞ്ചരിച്ച ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിനുളള പദ്ധതിക്ക് ഗാന്ധിജയന്ത്രി ദിനത്തില്‍ തുടക്കം കുറിക്കും. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ക്ഷേത്രങ്ങളുടേയും പളളികളുടേയും മറ്റു കൈവശമുളള പുരാരേഖകള്‍ ഏറ്റെടുത്ത് സംരക്ഷിക്കുന്ന പദ്ധതി പുരാരേഖ വകുപ്പ് നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. എ. പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ റീജണല്‍ ഡയറക്ടര്‍ കെ.കെ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.
പുരാരേഖാവകുപ്പ് ഡയറക്ടര്‍ പി.ബിജു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, മ്യൂസിയം മൃഗശാല വകുപ്പ് മുന്‍ ഡയറക്ടര്‍ കെ .ഗംഗാധരന്‍, ദേവദാസ്, സി.പി. ഹമിദ്, പുരാരേഖ വകുപ്പ് റീജണല്‍ ആര്‍ക്കൈവിസ്റ്റ് ആര്‍ .സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാലയങ്ങളിലെ ഹെറിറ്റേജ് ക്ലബ് പ്രതിനിധികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും മന്ത്രിയില്‍ നിന്ന് ധനസഹായം സ്വീകരിച്ചു.