ബസുകളുടെ കാലപരിധി 20 വര്‍ഷമായി നിശ്ചയിക്കണം

bus

അങ്കമാലി: കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം ബസുകളുടെ കാലപരിധി 20 വര്‍ഷമായി നിശ്ചയിച്ചത് അടിയന്തരമായി നടപ്പാക്കണമെന്ന് അങ്കമാലി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവീസ് എന്നിവര്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 2003ല്‍ ബസുകളുടെ കാലപരിധി 15 വര്‍ഷമായി കേരള സര്‍ക്കാര്‍ നിജപ്പെടുത്തിയതു മൂലം നിരവധി റൂട്ടുകളില്‍ പകരം ബസുകള്‍ ഇറക്കാന്‍ കഴിയാത്തിനാല്‍ പെര്‍മിറ്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ അനിയന്ത്രിതമായ ഇന്ധനവിലയില്‍ പൊറുതിമുട്ടിയ അവസ്ഥയില്‍ പോലും 32 ലക്ഷം രൂപ കണ്ടെത്തിയാലേ പുതിയ ബസ് ഇറക്കാനാവൂ. പ്രതിവര്‍ഷം രണ്ടുലക്ഷം രൂപ വീതം തേയ്മാന നഷ്ടമായി കുറഞ്ഞ് 15 വര്‍ഷമാകുമ്പോള്‍ മുടക്കുമുതല്‍ ഇല്ലാതാവുകയും ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ഫിറ്റ്‌നസ് ലഭിക്കുന്നിടത്തോളം കാലം വരെ സര്‍വീസ് നടത്താന്‍ കഴിയും.
ആധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മാണം നടക്കുന്നതിനാല്‍വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉയര്‍ന്നിട്ടുള്ളതിനാലും മെക്കാനിക്കല്‍ ബോഡി ഭാഗങ്ങള്‍ എല്ലാം യഥാസമയം മാറ്റി കേടുപാടുകള്‍ പരിഹരിക്കുന്നതിനാലും 20 വര്‍ഷത്തെ കാലപരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത് ഏറ്റവും ഉചിതമായ തീരുമാനമാണ്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തരമായി ഈ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ മന്ത്രിക്ക് നിവേദനം നല്‍കിയത്.