സംഘടന കൂടുതല്‍ സംരക്ഷിക്കേണ്ടത് നടിമാരെ: കാര്‍ത്തി

karthi

അഭിനേതാക്കളുടെ സംഘടനയില്‍ കൂടുതല്‍ സംരക്ഷണം നല്‍കേണ്ടത് നടിമാര്‍ക്കെന്ന് തമിഴ്‌നടന്‍ കാര്‍ത്തി. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കവെയാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്.തമിഴ്താര സംഘടനയായ നടികര്‍ സംഘം അഭിനേതാക്കള്‍ക്കു ഒരു പ്രശ്‌നമുണ്ടായാല്‍ സ്വന്തം കുടുംബത്തിലെ വഴക്കുപോലെ പരിഹരിക്കും. നടിക്കാണ് പ്രശ്‌നമുണ്ടാകുന്നതെങ്കില്‍ അവര്‍ക്കു മറ്റാരെക്കാളും കൂടുതല്‍ സംരക്ഷണം നല്‍കും. സംഘടനയിലെ ഒരംഗത്തിന് നിയമസഹായമാണോ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള സഹായമാണോ വേണ്ടതെന്നു ചോദിച്ചറിഞ്ഞ് സഹായം നല്‍കും.തന്റെ പുതിയ ചിത്രമായ ‘കടൈകുട്ടി സിങ്ക’ ത്തിന്റെ റിലീസിനു മുന്നോടിയായി തിരുവനന്തപുരത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി. അമ്മയുടെ ഗുരുദക്ഷിണ പദ്ധതി നടികര്‍ സംഘവും അനുകരിച്ചിട്ടുണ്ട്. ഇപ്പോള്‍ 4500 പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നു സംഘടനയുടെ ട്രഷറര്‍ കൂടിയായ കാര്‍ത്തി അറിയിച്ചു. കൂടൈകുട്ടി സിങ്കത്തില്‍ കൃഷിക്കാരനായാണ് അഭിനയിക്കുന്നത്. നമ്മുടെ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.