പരിശീലകനായും കിരീടം ഉയര്‍ത്താന്‍ ദെഷാംപ്‌സ്

Deschamps

1998ല്‍ ഫ്രാന്‍സിന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്ടനാണ് ദിദിയര്‍ ദെഷാംപ്‌സ്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം പരിശീലകനെന്ന നിലയിലും സ്വന്തം രാജ്യത്തിന് ലോകകിരീടം നേടിക്കൊടുക്കാനുവുകയെന്ന സുവര്‍ണ നേട്ടത്തിനരികിലാണ് ദെഷാംപ്‌സ്. കഴിഞ്ഞ തവണ ബ്രസീലില്‍ നടന്ന ലോകകപ്പിലും ദെഷാംപ്‌സായിരുന്നു കോച്ച്. അന്ന് ടീമിനെ ക്വാര്‍ട്ടര്‍ വരെയെത്തിച്ചു. കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനല്‍ വരെ ഫ്രഞ്ച് പടയെ എത്തിക്കാനും അദ്ദേഹത്തിനായി.
2012ല്‍ ലോറന്റ് ബ്ലാങ്കിന്റെ പിന്‍ഗാമിയായാണ് ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. തുടക്കം മികച്ചതായിരുന്നെങ്കിലും പതിയെ അദ്ദേഹം മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. 2014 ലെ ലോകകപ്പില്‍ യോഗ്യത നേടാന്‍ ഫ്രാന്‍സിന് പ്ലേ ഓഫ് കളിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ടീമിനെ ക്വാര്‍ട്ടറില്‍ എത്തിക്കുകയും 2016ല്‍ സ്വന്തം നാട്ടില്‍ നടന്ന യൂറോകപ്പില്‍ ഫ്രാന്‍സിനെ ഫൈനലില്‍ എത്തിക്കുയും ചെയ്തു. ടീമംഗങ്ങളുമായും വളരെയടുത്ത ബന്ധമാണ് അദ്ദേഹത്തിന്.അന്റോയീന്‍ ഗ്രീസ്മാന്‍ ഫ്രാന്‍സ് ടീം തന്നെ വിടാന്‍ ഒരു ഘട്ടത്തില്‍ തീരുമാനിച്ചപ്പോള്‍ അനുനയിപ്പിച്ച് തിരിച്ചു കൊണ്ടുവന്നത് ദെഷാംപ്‌സാണ്. പരിശീലകരില്‍ താരതമ്യേന ചെറുപ്പക്കാരനായ 49 കാരനായ ദെഷാംപ്‌സ് വിശ്വാസമര്‍പ്പിക്കുന്നതും യുവനിരയിലാണ്. എംബാപ്പെ, ഡെംബെലെ തുടങ്ങി 23 അംഗ ടീമിലെ 15 പേരും ഇരുപത്തിയഞ്ചോ അതില്‍താഴെയോ പ്രായമുള്ളവരാണ്.
ഈ യുവത്വത്തിന്റെ കരുത്തിലാണ് ഫ്രഞ്ച് പട സെമിയില്‍ വരെയെത്തിയത്. എതിരാളികളുടെ നീക്കങ്ങള്‍ അറിഞ്ഞ് ടീമിന്റെ ഫോര്‍മേഷനില്‍ ദെഷാംപ്‌സ് വരുത്തുന്ന മാറ്രങ്ങള്‍ പലപ്പോഴും ഫ്രാന്‍സിന് ഗുണമാകാറുണ്ട്.