ഫ്രാന്‍സിന്റെ വിജയം ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടിത്താരങ്ങള്‍ക്ക് സമര്‍പ്പിച്ച് പോഗ്ബ

Pogba-

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഫുട്‌ബോളില്‍ ഫൈനലില്‍ പ്രവേശിച്ച ഫ്രാന്‍സിന്റെ വിജയം തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട 12 കുട്ടിത്താരങ്ങള്‍ക്ക് സമര്‍പ്പിച്ച് ഫ്രഞ്ച് താരം രോള്‍ പോഗ്ബ. ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെല്‍ജിയത്തെ തോല്‍പിച്ചായിരുന്നു ഫ്രാന്‍സ് ഫൈനലിലേക്ക് ടിക്കറ്റ് വാങ്ങിയത്. ‘ഈ വിജയം ഹീറോകളായ നിങ്ങള്‍ക്കുള്ളതാണ്. നന്നായി ചെയ്തു. നിങ്ങള്‍ വളരെ ശക്തരാണ്’ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കൂടിയായ പോഗ്ബ മത്സരശേഷം ട്വിറ്ററില്‍ കുറിച്ചു. അതേസമയം, കുട്ടികളെ ഫുട്‌ബോള്‍ കാണാന്‍ ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ ക്ഷണിച്ചിരുന്നു. എന്നാല്‍, ആരോഗ്യം വീണ്ടെടുക്കുന്നത് വരെ കുട്ടികള്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടതിനാല്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ റഷ്യയിലേക്ക് പോകാനാകില്ല. ജൂണ്‍ 23 നാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും 25കാരനായ ഫുട്ബാള്‍ പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. 17 ദിവസത്തിന് ശേഷം ചൊവ്വാഴ്ചയോടെ എല്ലാവരേയും അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുത്തി.