ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് വധഭീഷണി

fernandinjo

റിയോ ഡി ജനീറോ: ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ സെല്‍ഫ്‌ഗോള്‍ വഴങ്ങിയ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്‌ക്കെതിരെ ഭീഷണിയും വംശീയാധിക്ഷേപവും. അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെയും ഭീഷണി ഉയര്‍ന്നിട്ടുണ്ട്. ഫെര്‍ണാണ്ടീഞ്ഞോയുടെ ട്വിറ്റര്‍, ഇന്‍സ്റ്റ് ഗ്രാം അക്കൗണ്ടുകളിലാണ് അദ്ദേഹത്തിനെതിരെ അധിക്ഷേപങ്ങള്‍ നിറയുന്നത്. ഇതേത്തുടര്‍ന്ന് ഫെര്‍ണാണ്ടീഞ്ഞോയുടെ അമ്മ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു.ഫെര്‍ണാണ്ടീഞ്ഞോയുടെ ഭാര്യയുടെ ഇന്‍സ്റ്റ് ഗ്രാം അക്കൗണ്ടില്‍ മുഴുവനും ഇത്തരത്തിലുള്ള ഭീഷണികളും അധിക്ഷേപങ്ങളുമാണ്.കുരങ്ങനെന്നും മറ്റും വിളിച്ച് അധിക്ഷേപിക്കുന്ന ആരാധകരില്‍ ചിലര്‍ താരത്തെ കൊല്ലുമെന്നും പറയുന്നു. അതേസമയം ഫര്‍ണാണ്ടീഞ്ഞോയ്ക്ക് പിന്തുണയുമായി ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍ രംഗത്തുവന്നു.ഒരു പിഴവിന്റെ പേരില്‍ ഫെര്‍ണാണ്ടീഞ്ഞോയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അസോസിയേഷന്റെ പൂര്‍ണപിന്തുണ അദദേഹത്തിനുണ്ടെന്നും വംശീയാധിക്ഷേപം വച്ചു പൊറുപ്പിക്കില്ലെന്നും ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ബെല്‍ജിയത്തിനെതിരായ മത്സരത്തിന്റെ 13ാം മിനിറ്റിലാണ് ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോള്‍ വഴങ്ങിയത്.