ഫ്രാന്‍സിനെ നേരിടുക ആര് ?

Ivan-Rakitic-xx_d

റഷ്യ ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സിനെ നേരിടുന്നതാര്? ക്രൊയേഷ്യയോ ഇംഗ്ലണ്ടോ ? ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.30 ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ മത്സരം തീപ്പാറും.
1966 ല്‍ കീരീടം നേടിയതിന് ശേഷം ഇംഗ്ലണ്ടിന് പിന്നീടിതുവരെ ആ ഭാഗ്യം ഉണ്ടായില്ല. അഞ്ചു പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും കപ്പുയര്‍ത്താനുള്ള അവസരമാണ് കോച്ച് ഗാരദ് സൗത്ത് ഗേറ്റിന്റെ ടീമിനു കൈവന്നിരിക്കുന്നത്.ഗ്രൂപ്പില്‍ ബെല്‍ജിയത്തിന് പിറകില്‍ രണ്ടാമതായാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ എത്തിയത്.കൊളംബിയയെ തോല്‍പ്പിച്ച,് ക്വാര്‍ട്ടറില്‍ സ്വീഡനെയും മറി കടന്നാണ് അവര്‍ സെമിയില്‍ എത്തിയത്.ടൂര്‍ണ്ണമെന്റില്‍ ഗോള്‍ വേട്ടയില്‍ മുന്നിട്ടു നില്‍ക്കുന്ന ഹാരി കെയിനിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളേറെ.സെറ്റ് പീസുകളില്‍ ഗോള്‍ നേടാനുള്ള പ്രാഗ്തഭ്യമാണ് കെയിനിന്റെ സവിശേഷത.ഹാരി മഗ്വയര്‍,ഡെലേ അലി,കീറണ്‍ ട്രിപ്പിയര്‍,ജോര്‍ഡര്‍ പിക്‌ഫോര്‍ഡ്,സ്റ്റെര്‍ലിംഗ്,ജെസെലിന്‍ ഗാര്‍ഡ്,ആഷ്‌ലി യംഗ്,ജോര്‍ഡര്‍ ഹെന്‍ഡെയ്‌സണ്‍ ഫോമിലുള്ള ഒരുപിടി താരങ്ങള്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്കു മിഴിവേറ്റുന്നു.കോച്ച് സൗത്ത് ഗേറ്റിന്റെ കളി തന്ത്രങ്ങള്‍ അവരുടെ കരുത്താണ്. ഗ്രൂപ്പ് ഡിയില്‍ എല്ലാ കളികളും ജയിച്ച് ഒന്നാമതെത്തിയ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ റഷ്യയേയും തോല്‍പ്പിച്ചു.ലൂകാമോഡ്രിച്ച് എന്ന മിഡ്ഫീല്‍ഡറാണ് അവരുടെ കളിയുടെ സൂത്രധാരന്‍.ഇവാന്‍ റാക്കിടിച്ച്,ഇവാന്‍ പെരിസിച്ച്,മാരിയോ മാന്‍സൂക്കിച്ച്,ലോവറാന്‍ ഇവരെല്ലാം തകര്‍പ്പന്‍ ഫോമിലാണ്.1998 ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ക്രൊയേഷ്യയുടെ ലോകകപ്പില്‍ ഇതുവരെയുള്ള പ്രധാന നേട്ടം.ഇക്കുറി ഫൈനലിലെത്തി അത് തിരുത്താന്‍ കോച്ച് സ്ലാറ്റ്‌ക്കോ ഡാലിച്ചിന്റെ ടീമിനാകുമോഎന്ന് കണ്ടറിയാം.