കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ വധശിക്ഷ: ബില്‍ പാര്‍ലമെന്റിലേക്ക്

parliament211

ന്യൂഡല്‍ഹി: പന്ത്രണ്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പു വരുത്തുന്ന ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
കഠുവ മാനഭംഗക്കേസിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് പകരമാകും ഇത്. ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരട് ബില്ലിന് മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും. മാനഭംഗ കേസുകളില്‍ ജയില്‍ശിക്ഷ ഏഴു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷമാക്കി ഉയര്‍ത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയാല്‍ തടവ് ശിക്ഷ പത്തു വര്‍ഷത്തില്‍ നിന്നു 20 വര്‍ഷമാക്കി ഉയര്‍ത്തും. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിന് വിധേയരാക്കുന്ന കുറ്റവാളികള്‍ക്കു ജീവിതകാലം മുഴുവനും ജയില്‍ശിക്ഷ ലഭിക്കുന്ന വ്യവസ്ഥകളാണ് കരട് ബില്ലില്‍ ഉള്ളത്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് ജീവിതകാലം മുഴുവനും ജയില്‍ ശിക്ഷയോ വധശിക്ഷയോ ലഭിക്കും. കൂട്ടമാനഭംഗം ആണെങ്കിലും ഇതേ ശിക്ഷ കിട്ടും. മാനഭംഗ കേസുകളില്‍ അന്വേഷണവും വിചാരണയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കണം. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്ന വ്യവസ്ഥകളും ഉണ്ട്.