കെജ്‌രിവാള്‍ ഢ െഅനില്‍ ബൈജാല്‍

ഇന്ദ്രപസ്ഥ സംസ്ഥാനം ഇന്നൊരു വഴിത്തിരിവിലാണ്. ആംഗലേയത്തില്‍ ന്യൂഡല്‍ഹി എന്നും നമ്മുടെ രാഷ്ട്രഭാഷയില്‍ നയീ ദില്ലി എന്നും പേരുള്ള നഗരസഭയുടെ പരിധികള്‍ കഴിഞ്ഞാല്‍ കുറച്ചു കൂടി മണ്ണ് മാത്രം ബാക്കിയുള്ള ഒരു സംസ്ഥാനം. മുമ്പ് പൂര്‍ണ്ണമായും കേന്ദ്രഭരണദേശമായിരിക്കെ സംസ്ഥാന പദവിയിലേക്കുയര്‍ന്നു. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും ഫെഡറല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള പൂര്‍ണ അധികാരങ്ങളൊട്ടില്ലതാനും. ഗോവയും പോണ്ടിച്ചേരിയുമൊക്കെ പോലെയുള്ള മുന്‍കേന്ദ്രഭരണ പ്രദേശങ്ങളുടെയൊക്കെ അതേ സ്ഥിതി. എന്നാല്‍ ഡല്‍ഹി സംസ്ഥാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേന്ദ്ര തലസ്ഥാനം ഡല്‍ഹിയായത് കൊണ്ട് അതും കൂടി കണക്കിലെടുത്തുവേണം സംസ്ഥാന ഭരണാധികാരികള്‍ക്ക് ദൈനം ദിന ഭരണ നടപടികള്‍ മുന്നോട്ട് കൊണ്ടു പോവാന്‍. അല്ലെങ്കില്‍ ഇരുകൂട്ടരും തമ്മില്‍ ഉരസലും ഒതുക്കലുമൊക്കെ തകൃതിയായിരിക്കും. പ്രത്യേകിച്ചും കേന്ദ്രം ഭരിക്കുന്നതും സംസ്ഥാനം ഭരിക്കുന്നതും വ്യത്യസ്തകക്ഷികളാവുമ്പോള്‍. അതാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും.
ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ഭരണ കാര്യങ്ങള്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവണമെങ്കില്‍ പിന്നെ ഒറ്റ വഴിയേ ഉള്ളൂ. മുഖ്യമന്ത്രിയും സംസ്ഥാന ഭരണത്തിലെ കേന്ദ്ര പ്രതിനിധിയായ ലഫ്ടന്റ് ഗവര്‍ണറും തമ്മില്‍ സമരസതോടെയും വിട്ടു വീഴ്ചാമനോഭാവത്തോടെയും പരസ്പരധാരണയോടെയും സഹകരിച്ച് കാര്യങ്ങള്‍ നിവൃത്തിക്കണം. എന്നാല്‍ അങ്ങിനെയൊന്നുമില്ല എന്നതാണ് അവിടത്തെ ഇപ്പോഴത്തെ പ്രശ്‌നം. അതൊന്ന് നേരെയാക്കാന്‍ കേന്ദ്ര അധികൃതര്‍ മുന്‍കയ്യെടുക്കുന്നില്ല താനും അവര്‍ക്കതിന് താല്‍പര്യവുമില്ല.
ഡല്‍ഹി ലഫ്ട്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചില്ലറക്കാരല്ല. ഇരുവരും മുന്‍ അഖിലേന്ത്യാ സര്‍വീസുകാര്‍. ബൈജാലിന് ദേശീയവും അന്തര്‍ദേശീയവുമായ പല സ്ഥാനങ്ങളിലുമിരുന്ന് പ്രവര്‍ത്തിച്ചതിന്റെ തഴക്കവും പഴക്കവുമുണ്ട.് കെജ്‌രിവാളാണെങ്കില്‍ മുന്തിയ സര്‍ക്കാര്‍ പണികളൊഴിവാക്കി പൊതുജന സേവനരംഗത്തിറങ്ങി അഴിമതിയോട് പടവെട്ടി ജനാധിപത്യ പ്രക്രിയയിലൂടെ ഭരണത്തിലേറിയ ആള്‍. സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ തത്വങ്ങളും നയപരിപാടികളും. ലഫ്ടനന്റ് ഗവര്‍ക്കാണെങ്കില്‍ കേന്ദ്ര താല്‍പര്യങ്ങള്‍ മുറുകെ പിടിച്ച് ഭാവിയില്‍ സംസ്ഥാനം കെജ്‌രിവാളിന്റെ പാര്‍ട്ടിക്ക് അന്യമാക്കിയേ പറ്റൂ. ഇതിനൊക്കെയിടയില്‍ കിടന്ന് ഞെരിഞ്ഞമരുന്നത് ഡല്‍ഹി ജനതയുടെ ജീവിത പ്രശനങ്ങളും. കെജ്‌രിവാളും സംസ്ഥാന ഭരണസംഘവും രാജ്ഭവനില്‍ കുത്തിയിരുപ്പുസമരം വരെ നടത്തി നോക്കി. എന്നിട്ടൊന്നും പ്രശ്‌നപരിഹാരമാവാതിരിക്കെയാണ് സുപ്രീം കോടതിയില്‍ നിന്നും സംസ്ഥാന ഭരണകൂടത്തിന് ഏതാണ്ടനുകൂലമായ ഒരുവിധി വന്നത്. എന്നിട്ടും പ്രശ്‌നങ്ങള്‍ തിരുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പോലീസ്, ഭൂമി, ക്രമസമാധാനം എന്നീ വിഷയങ്ങള്‍ മാത്രം ലഫ്ടനന്റ് ഗവര്‍ണര്‍ നോക്കിയാല്‍ മതി എന്നാണ് വിധി. അത് തന്നെയാണ് രാജ്യത്തിന്റെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതും. എന്നാല്‍ അതൊന്നും അനില്‍ബൈജാല്‍ എന്ന ഈ കേന്ദ്രത്തിന്റെ പ്രതിനിധിക്ക് പ്രശ്‌നമേ ആവുന്നില്ല. ഫലത്തില്‍ സംസ്ഥാന ഭരണം നിശ്ചലമാക്കുന്ന നിലപാടുകളാണുണ്ടാവുന്നത്. ഡല്‍ഹിക്കാരുടെ കുടിവെള്ളം വരെ മുട്ടിക്കുന്ന നടപടികളുണ്ടായി. നൂറ് കണക്കിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംസ്ഥാനം തീരുമാനിച്ചപ്പോള്‍ ലഫ്ടനന്റ് ഗവര്‍ണര്‍ ആ നിര്‍ദ്ദേശം തട്ടിക്കളിച്ചു. സഹിച്ച് സഹിച്ച് അവസാനം കറന്റ് ബില്‍ സബ്‌സിഡി മുതല്‍ വഖഫ് ബോര്‍ഡ് പ്രശ്‌നം വരെയുള്ള കാര്യങ്ങളില്‍ ബൈജാല്‍ അനങ്ങാപാറ നയം സ്വീകരിച്ചപ്പോഴാണ് കെജ്‌രിവാള്‍ സുപ്രീംകോടതിയില്‍ കേസ്സിനുപോയതും രാജ്ഭവനില്‍ സമരം ചെയ്തതും. സംസ്ഥാനത്തെ ഐ.എ.എസ്സ് ഉദ്യോഗസ്ഥരും ഏതാണ്ട് ലഫ്ടനന്റ് ഗവര്‍ണ്ണരുടെ നിലപൊടിനൊപ്പം നില്‍ക്കുന്നത് കൊണ്ട് കെജ്‌രിവാളിന് സംസ്ഥാനത്തിന്റെ ദൈനം ദിന ഭരണം ഒരു മുള്‍കിരീടം തന്നെ. കെജ്‌രിവാള്‍ ഇപ്പോള്‍ വീണ്ടം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കെജ്‌രിവാള്‍ ഒരൊറ്റയാനാണിപ്പോള്‍. അദ്ദേഹത്തോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടുമൊപ്പം രാജ്യത്ത് ജനമനസ്സുകള്‍ ഏറെയുണ്ടെങ്കിലും പ്രയോഗികതലത്തില്‍ അതിനൊരു ശക്തിയുണ്ടാവുന്നില്ല. രാഷ്ട്രീയത്തിലെ ഈ ഒറ്റയാന്‍ സ്വഭാവം തന്നെയായിരിക്കാം അതിന് കാരണം. ആ സംസ്ഥാനത്ത് ഇനി എങ്ങിനെയായിരിക്കും കാര്യങ്ങളുടെ പോക്ക് എന്നത് ഏതായാലും എല്ലാവരും ഉറ്റു നോക്കുന്നുണ്ട്.