മാലിന്യനിര്‍മാര്‍ജനം:പുതുതലമുറയെങ്കിലും സഹകരിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ 

saseendran

കോഴിക്കോട്: മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ശ്രമങ്ങളോട് പുതുതലമുറയെങ്കിലും സഹകരിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ തടയുന്ന പ്രവണതയാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. മാലിന്യത്തെക്കുറിച്ചുള്ള ഏത് വിഷയം വരുമ്പോഴേക്കും അവിടെ പ്രക്ഷോഭം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും കേരള വെറ്റിനറി സര്‍വകലാശാല വണ്‍ ഹെല്‍ത്ത് സെന്ററും കോഴിക്കോട് കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ച ലോകജന്തുജന്യരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വവും പൗരബോധവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധചെലുത്തിയാല്‍ നിപ്പാവൈറസ് പോലുള്ള മാരകരോഗങ്ങള്‍ കടന്നുവരില്ല. രോഗവിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിന് മാലിന്യനിര്‍മാര്‍ജ്ജനം കാര്യക്ഷമമാകണം. ജന്തുജന്യ രോഗം മൂലം ഭീതിയോട് കൂടിയാണ് കഴിഞ്ഞ ഏതാനും നാളുകളായി കഴിഞ്ഞിരുന്നത്. ജന്തുക്കളില്‍ നിന്ന് പടരുന്ന അണുബാധയുടെ ഭാഗമായി വിവിധ തരത്തിലുള്ള രോഗങ്ങള്‍ വലിയ നാശം വിതച്ച് കടന്നാക്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജന്തുജന്യരോഗങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കുര്യന്‍ കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.