ഫേസ്ബുക്കില്‍ അണ്‍ബ്ലോക്ക് ബഗ്ഗ് ബാധിച്ചു

ഫേസ്ബുക്കിലെ വ്യാജന്മാരില്‍ നിന്നും ശല്യക്കാരില്‍ നിന്നും രക്ഷപ്പെടാനായി ഉപയോഗിക്കുന്ന ഫീച്ചറാണ് ബ്ലോക്കിങ്. എന്നാല്‍ ബ്ലോക്ക് ചെയ്തവരെല്ലാം ഓട്ടോമാറ്റിക്കായി അണ്‍ബ്ലോക്കായി. ലോകത്തിലെ വിവിധ ഭാഗങ്ങളിലായുള്ള എട്ട് ലക്ഷം ഫേസ്ബുക് ഉപഭോക്താക്കള്‍ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. സംഭവം നടന്ന് ഒരു മാസം ആവാറായെങ്കിലും ഇപ്പോഴാണ് ഫേസ്ബുക് വിശദീകരണവുമായി രംഗത്ത് വന്നത്. ഇതോടെയാണ് പലര്‍ക്കും ഇത് സംബന്ധിച്ചുള്ള വ്യക്തമായ ധാരണ ലഭിച്ചത്. എട്ട് ലക്ഷം പേരുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ബ്ലോക്ക് ചെയ്യപ്പെട്ടവരില്‍ മിക്കവരും ഓട്ടോമാറ്റിക്കായി അണ്‍ബ്ലോക്കായി . പക്ഷെ ആര്‍ക്കും ഇത് സംബന്ധിച്ചുള്ള നോട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നില്ല. ഫേസ്ബുക്കിലും മെസ്സഞ്ചറിലും ഈ ബഗ്ഗ് ഒരേസമയം കടന്ന്കൂടിയിരുന്നു.
ബഗ്ഗ് കണ്ടുപിടിച്ചതിന് ശേഷമാണ് ഫേസ്ബുക് വിശദീകരണം നല്‍കിയത്. ചിലരുടെ പോസ്റ്റുകളും ചിത്രങ്ങളും കൂടുതല്‍ പേര്‍ക്ക് ലഭിച്ചു. ഒരാളെ മാത്രം ബ്ലോക്ക് ചെയ്തവരുടെ ഫേസ്ബുക് അക്കൗണ്ടുകളിലാണ് അണ്‍ബ്ലോക്ക് ബഗ്ഗ് കൂടുതല്‍ ബാധിച്ചത്. ബ്ലോക്ക് ചെയ്തവര്‍ക്കും തങ്ങള്‍ ഷെയര്‍ ചെയുന്നവ അണ്‍ ബ്ലോക്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. 240 കോടി ഫേസ്ബുക് ഉപഭോക്താക്കളില്‍ 8ലക്ഷം പേരെ മാത്രമേ ഇത്തരം ഒരു ബഗ്ഗ് ബാധിച്ചിട്ടുള്ളൂ എങ്കിലും സംഭവം ഏറെ ഗൗരവമേറിയതാണ്.