മൂന്ന് വിശേഷങ്ങള്‍ ടി.എം. അബൂബക്കര്‍ ഐ.പി.എസ് (റിട്ട)

കഴിഞ്ഞ കുറേ ദിവസങ്ങളായി സാധാരണക്കാരനായ മലയാളിയുടെ മനസ്സിലുണ്ടായിരുന്ന ഒരു ചോദ്യമുണ്ട്. മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ ആഭ്യന്തര പ്രശ്‌നങ്ങളും ദിലീപ് എന്ന നടന്റെ അമ്മയിലെ അംഗത്വവുമാണോ വര്‍ത്തമാനകാലത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം എന്ന ചോദ്യം. ഇവിടെ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ മുഖ്യപ്രശ്‌നങ്ങളെയെല്ലാം കടത്തിവെട്ടി ദിലീപ്-അമ്മ പ്രശ്‌നവുമായി ബന്ധപ്പെട്ട് ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങളില്‍ ചര്‍വ്വിത ചര്‍വണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തികച്ചും അനുചിതവും നിരുത്തരവാദപരവും എന്നേ ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ. ഒരു യുവനടി ആക്രമിക്കപ്പെട്ടതും ദിലീപ് അതില്‍ പ്രതിയായി അഴിയെണ്ണിയതും അതിന്റെ അര്‍ഹമായ ഗൗരവത്തോടെ കാണാന്‍ മനസ്സില്ലാത്തതുകൊണ്ടല്ല ഇങ്ങിനെ പറയുന്നത്. ആ സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ കഠിനമായി ശിക്ഷിക്കപ്പെടണം എന്ന നിലപാടില്‍ തര്‍ക്കമേയില്ല. അതുപോലെ തന്നെ കോടതിയില്‍ നിന്നൊരു തീരുമാനം വരുന്നതിന് മുമ്പ് ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തത് ഒരു വിധത്തിലും ന്യായീകരിക്കത്തക്കതുമല്ല. ആക്രമിക്കപ്പെട്ട നടിയും അതേ സംഘടനയിലെ തന്നെ അംഗം കൂടിയാവുമ്പോള്‍ സംഗതിയുടെ ഗൗരവം കൂടുന്നു. ഇവിടെ പറഞ്ഞു വന്നതിതാണ് വാര്‍ത്താമാധ്യമങ്ങള്‍ അനര്‍ഹമായ പ്രാധാന്യം ഈ വിഷയത്തിന് കൊടുത്തതും അതും ചര്‍ച്ച ചെയ്യപ്പെടാന്‍ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ഒരുപാടുള്ളപ്പോള്‍.
2
ഇതാ വീണ്ടും കേരളത്തിലെ പ്രശസ്തമായ ഒരു കലാലയത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ചോരവീണിരിക്കുന്നു.എറണാകുളം മഹാരാജാസ് കോളേജ് എന്നത് അവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒരഭിമാനമായി എന്നും കൊണ്ടു നടക്കുന്ന ഓര്‍മകളുടെ കേന്ദ്രമാണ്. ആ സ്ഥാപനത്തിന്റെ മുന്‍ കാല അക്കാഡമിക് നിലവാരവും ഇങ്ങിനെതന്നെ. എന്നാല്‍ ഇപ്പോള്‍ ഏറെക്കാലമായി ഡല്‍ഹിയിലെ ജവാഹര്‍ലാല്‍നെഹ്‌റു നേഷനല്‍ യൂണിവേഴ്‌സിറ്റിയെപോലെ കടുത്ത രാഷ്ട്രീയക്കാരടക്കമുള്ളവരുടെ ഒരു വിഹാര കേന്ദ്രം കൂടിയാണ് ഈ കലാലയം. ഈയടുത്ത ദിവസം അഭിമന്യു എന്ന ഒരു ചെറുപ്പക്കാരന്‍ എതിര്‍ രാഷ്ട്രീയക്കാരുടെ കത്തിക്കിരയായിരിക്കുന്നു. ഈയടുത്ത കാലത്തൊന്നും നമ്മുടെ സംസ്ഥാനത്ത് കേട്ടുകേള്‍വിയിലില്ലാത്ത ഒരു സംഭവം. ഒരുജീവന്‍ പൊലിഞ്ഞത് കോളേജിന്റെ പിന്‍വശം മതിലില്‍ പോസ്റ്റര്‍ പതിച്ചത് സംബന്ധിച്ച് രണ്ട് വ്യത്യസ്ത വിദ്യാര്‍ത്ഥി രാഷ്ട്രീയ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കം മൂലമത്രെ. കൊലക്കത്തിക്കിരയായ അഭിമന്യു പാവപ്പെട്ടവനും, ഉത്സാഹിയും, പരോപകാരിയുമൊക്കെയായിരുന്നു. പക്ഷെ കൊലക്കത്തിക്ക് മൂര്‍ച്ചകൂട്ടിയ കിരാതര്‍ക്ക് അതൊന്നും വിഷയമേ ആയില്ല. അവര്‍ക്കൊരു മനുഷ്യ ജീവനെക്കാള്‍ വലുത് തങ്ങളുടെ ഒരു പോസ്റ്ററായിരുന്നു. ഹതഭാഗ്യനായ അഭിമന്യുവിന്റെതടക്കമുള്ള വിദ്യാര്‍ത്ഥിയുവജന രാഷ്ട്രീയക്കാര്‍ മനസ്സിലാക്കാതെ പോയ ഒരു കാര്യം. ഈയൊരു സംസ്‌കാരം പ്രബുദ്ധ കേരളത്തില്‍ നിന്നും എന്നാണാവോ തൂത്തെറിയപ്പെടുക.
3
ലോകരുടെ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ക്കുമുള്ള ഉത്തരം എന്ന പോലെ ആ സന്തോഷ വാര്‍ത്ത വന്നിരിക്കുന്നത് തായ്‌ലാന്റില്‍ നിന്നും. പത്ത് ദിവസം വെള്ളവും ചളിയും കൊണ്ട് മൂടപ്പെട്ട ഗുഹയില്‍ പെട്ടു പോയ 12 ഫുഡ്‌ബോള്‍ കുട്ടികളം അവരുടെ പ്രിയപ്പെട്ട കോച്ചും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവനോടെയിരിക്കുന്നു. ഇനി അവരെ കുഴപ്പമൊന്നുമില്ലാതെ പുറത്തെത്തിച്ചാല്‍ മതി. അതിന് മാസങ്ങളെടുക്കുമെന്ന് പറയപ്പെടുന്നു. ഫുഡ്‌ബോള്‍ പരിശീലനത്തിന് പോയ ഇവര്‍ തുരങ്കവഴിയിലൂടെ യാത്രചെയ്യുമ്പോള്‍ ജൂണ്‍ 23 ന് പ്രളയ ജലം മൂലം ഗുഹാമുഖം അടഞ്ഞുപോയതിനെതുടര്‍ന്ന് ഉത്തരതായ്‌ലണ്ടിലെ താംലുവാങ്ങ് ഗുഹയില്‍ അകപ്പെട്ടു പോയി. തായ്‌നാവികസേനയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചില വിദേശ രാജ്യങ്ങള്‍ വരെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ കുട്ടിക്കൂട്ടത്തെ സുരക്ഷിതമായി തിരിച്ചു കിട്ടുമെന്ന് അവരുടെ സ്വന്തക്കാര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കില്ല. ഇനി അവര്‍ പുറംലോകം കാണാന്‍ പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും. ഏതായാലും അവരുടെ രക്ഷപ്പെടല്‍ ലോകത്തിനൊരു നല്ല വാര്‍ത്ത തന്നെ.