ഉടന്‍ വരുന്നു സര്‍ക്കാരിന്റെ 25 മള്‍ട്ടി തിയേറ്ററുകള്‍

theater. (1)

തിരുവനന്തപുരം: എട്ട് ജില്ലകളിലായി ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) 25 അത്യാധുനിക തിയേറ്ററുകള്‍ ഉടന്‍ നിര്‍മ്മിക്കും.കൊല്ലം, കായംകുളം, വൈക്കം, കൂത്താട്ടുകുളം, അളഗപ്പനഗര്‍, ഒറ്റപ്പാലം, താനൂര്‍, പേരാമ്പ്ര, കോഴിക്കോട്, തലശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ തിയേറ്ററുകള്‍ വരുന്നത്. ഇതില്‍ കൊല്ലത്തും കായംകുളത്തും ഒറ്റപ്പാലത്തും 3 തിയേറ്ററുകളുള്ള മള്‍ട്ടിപ്ലക്‌സും മറ്റിടങ്ങളില്‍ 2 തിയേറ്ററുകളുമാണ് ഉണ്ടാകുക. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മള്‍ട്ടിപ്ലക്‌സുകളില്‍ 500, 300, 250 സീറ്റുകളിലായി 2 കെ, 4 കെ പ്രൊജക്ഷനില്‍ ത്രി ഡി സൗകര്യങ്ങളുണ്ടാകും.പദ്ധതികളുടെ നിര്‍വഹണത്തിനായി പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 100 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ളതിനാല്‍ ഉടനേ തിയേറ്ററുകളുടെ നിര്‍മ്മാണം ആരംഭിക്കും. ഗ്രാമീണ മേഖലയില്‍ ലാഭമില്ലാത്ത തിയേറ്ററുകള്‍ ഏറ്റെടുത്ത് നവീകരിക്കാനുള്ള പദ്ധതികളും കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തി നല്‍കിയാല്‍ കൂടുതല്‍ തിയേറ്ററുകള്‍ നിര്‍മ്മിക്കാന്‍ കോര്‍പറേഷന്‍ നടപടികള്‍ സ്വീകരിക്കും.