ഓ….അര്‍ജന്റീനാ, തന്ത്രം പാളി

Fans of Argentina watch the FIFA World Cup Russia 2018 match between Argentina and Iceland on a large screen at San Martin square in Buenos Aires on June 16, 2018. (Photo by ALEJANDRO PAGNI / AFP)        (Photo credit should read ALEJANDRO PAGNI/AFP/Getty Images)

ലയണല്‍ മെസിയുടെ കാലുകള്‍ മായാജാലം കാട്ടിയില്ല. സംപോളിയുടെ തന്ത്രങ്ങള്‍ തുണച്ചില്ല. കാഴ്ച്ചക്കാരനായി അഗ്യൂറ. ആരും രക്ഷകരായില്ല. ക്രൊയേഷ്യയുടെ മികവിനുമുന്നില്‍ മെസിയും സംഘവും നിഷ്പ്രഭരായി. പ്രീക്വാര്‍ട്ടര്‍ സാധ്യത അര്‍ജന്റീനയ്ക്ക് വളരെ വിദൂരമാണ്. ആരൊയൊക്കെയാണ് അര്‍ജന്റീനയുടെ ആരാധകര്‍ പഴിക്കുക? ഗോള്‍ കീപ്പിംഗിന്റെ ബാലപാഠം ഒരു നിമിഷം മറന്നുപോയ ഗോളി വില്‍ഫ്രഡ് കബെല്ലേറോയെയോ? പ്രതിരോധത്തില്‍ ഒരാളെ കുറച്ച് മൂന്നുപേരെ ഇറക്കിയ സംപോളിയേയോ? നിറംമങ്ങിപ്പോയ മെസിയേയോ? കുറ്റാരോപിതരുടെ എണ്ണം കൂടുതലാണ്. പ്രതിഭയ്ക്ക് ഒത്ത പ്രകടനം ആരില്‍ നിന്നുമുണ്ടായില്ല.
അഭിനന്ദിക്കാം, ക്രൊയേഷ്യയെ. മത്സരത്തോടുള്ള അവരുടെ സമര്‍പ്പണവും സമീപന രീതിയും പോരാട്ടവീര്യവും ഒന്നാന്തരം. ഇവാന്‍ റാക്കിട്ടിച്ച്, മാന്‍സൂക്കിച്ച്, പെരീസിച്ച്, റോഡ്രിച്ച്, റെബിച്ച് എല്ലാവരും പടക്കുതിരകളായി. പ്രതിബന്ധങ്ങളെ തകര്‍ത്തു മുന്നേറുന്ന യാഗാശ്വങ്ങളാകുക. ഫുട്‌ബോള്‍ വിജയസമവാക്യം ഇതില്‍ ഒളിഞ്ഞു കിടക്കുന്നു. ഈ പൊരുള്‍ അര്‍ജന്റീന മറന്നു. ക്രൊയേഷ്യ ഉള്‍ക്കൊണ്ടു. അര്‍ജന്റീനയുടെ ആരാധകരുടെ ദു:ഖവും നിരാശയും പ്രതിഫലിപ്പിക്കുന്ന മുഖഭാവങ്ങള്‍ ചാനല്‍ ക്യാമറകള്‍ നമ്മള്‍ക്ക് കാണിച്ചു തന്നു. അച്ഛന്റെ മടിയില്‍ വീണു പൊട്ടിക്കരയുന്ന മകന്‍, അവനെ ചേര്‍ത്തണച്ച് വിതുമ്പുന്ന പിതാവ്. ഈ ദൃശ്യം മതി അര്‍ജന്റീനാസ്‌നേഹികള്‍ക്കേറ്റ ആഘാതത്തിന്റെ ആഴം അറിയാന്‍. വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല മുന്‍ ചാമ്പ്യന്മാര്‍ക്ക്. എന്നാല്‍ അവര്‍ക്കു എല്ലാം പിഴച്ചു. പ്രതിരോധത്തില്‍ ആളെക്കുറച്ച സംപോളിയുടെ ഫോര്‍മേഷന്‍ തന്നെ വലിയ പിഴ. 3-4-3 ഫോര്‍മേഷന്‍ ആക്രമണ ഫുട്‌ബോളിന്റേതാണ്. പക്ഷേ, ആക്രമണവുമില്ല പ്രതിരോധവുമില്ല എന്നതായി സ്ഥിതി. ഊര്‍ജസ്വലരായ ഡെബാലയേയും ക്രിസ്റ്റ്യന്‍ പാവോണിനെയും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കാതെ സബ്സ്റ്റിറ്റിയൂട്ടുകളാക്കിയത് മറ്റൊരു വിഡ്ഢിത്തം. വേഗത്തില്‍ കളിച്ച് ക്രോസുകളും ലോബുകളും നല്‍കാന്‍ പ്രാപ്തരായ രണ്ടു താരങ്ങളാണ് ഇവര്‍. ഇവരെ ഇറക്കിയതാകട്ടെ ഏറെ സമയം കഴിഞ്ഞ്. കിട്ടിയ അവസരത്തില്‍ മെസിയുമായി നല്ല ധാരണയിലെത്താന്‍ ഡാബെലയ്ക്കു കഴിഞ്ഞു എന്നത് ശ്രദ്ധേയം. ലൈന്‍ വരയ്ക്കപ്പുറം ഭ്രാന്തനെപ്പോലെ ഓടി നടന്ന സംപോളിയ്ക്ക് പിന്നെ ചെയ്യാനുണ്ടായ ഏക കാര്യം കളിക്കാരെ മാറ്റി പരീക്ഷിക്കുക എന്നതായിരുന്നു. അത് അദ്ദേഹം ചെയ്തു. ഹിഗ്വയ്‌നും പാവോണും ഡാബെല്ലെയുമെല്ലാം ഇറങ്ങി. അവസാനനിമിഷങ്ങളില്‍ അഞ്ച് സ്‌ട്രൈക്കര്‍മാരാണ് ഒന്നിച്ചു കളിച്ചത്. പ്രതിരോധം പാടെ മറന്നുപോയ കോച്ചിന് എന്താണു ചെയ്യുന്നത് എന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. രണ്ടാം പകുതിയിലാണ് ക്രൊയേഷ്യ വേറൊരു ലെവലിലേക്കുയര്‍ന്നത്. ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരായ റാക്കിട്ടിച്ചും മോഡ്രിച്ചും ഭാവനാസമ്പന്നമായ നീക്കങ്ങള്‍ക്ക് രൂപം നല്‍കി. പെരിസിച്ച് ആകട്ടെ പന്തു കിട്ടിയാല്‍ ഒരു മിന്നല്‍ പിണര്‍പോലെ പാഞ്ഞു. ദുര്‍ബലമായ പ്രതിരോധത്തില്‍ വിള്ളലുകള്‍ സുലഭം. അവസരങ്ങള്‍ മുതലാക്കുന്നതില്‍ ക്രൊയേഷ്യക്കാര്‍ ഒരു പിശുക്കും കാട്ടിയില്ല.
പന്തു കൈപ്പിടിയില്‍ ഒതുക്കുന്നതിനു പകരം കൂട്ടുകാരന്‍ മെര്‍ഡോക്കയ്ക്ക് തട്ടിക്കൊടുത്ത ഗോളി കബെല്ലറോയുടെ പാസ് പെനാള്‍ട്ടി ബോക്‌സില്‍ കിട്ടിയത് റെബിച്ചിന്. ആ ഗോള്‍ അര്‍ജന്റീനയുടെ ആത്മവിശ്വാസത്തെ തകര്‍ത്തു തരിപ്പണമാക്കി. മെസിയുടെ മുഖം ക്ലോസപ്പില്‍ ചാനലില്‍ നമ്മള്‍ കണ്ടു. ‘നശിപ്പിച്ചല്ലോ നീ’എന്നാണോ അദ്ദേഹം കാബെല്ലെറയോട് പറയാതെ പറഞ്ഞത്! ക്രിയാത്മകമായ നീക്കങ്ങളൊന്നും ഇല്ലാതെ അര്‍ജന്റീനയുടെ മധ്യനിരയും മുന്നേറ്റക്കാരും നിസ്സഹായരായി. ചെറിയ പാസുകളിലൂടെ കളിച്ച് ലോബിംഗിലൂടെ പെനാള്‍ട്ടി ബോക്‌സിലേക്കു കടക്കുന്ന ശൈലി കളിയുടെ തുടക്കത്തില്‍ ടീം നടത്തിയെങ്കിലും പിന്നെ കാര്യമായ ശ്രമങ്ങളൊന്നുമുണ്ടായില്ല. മറുഭാഗത്താകട്ടെ കുതിക്കുകയായിരുന്നു റാക്കിട്ടിച്ചും റോഡ്രിച്ചുമെല്ലാം.
ആക്രമണഫുട്‌ബോളാകും തങ്ങള്‍ കളിക്കുകയെന്ന് പറഞ്ഞ സംപോളിയുടെ കുട്ടികള്‍ കളിച്ചത് എന്തു ഫുട്‌ബോള്‍ ശൈലിയാണെന്ന് നിര്‍വചിക്കാനാകുന്നില്ല. ഗാലറിയില്‍ കളി കാണാനെത്തിയ ഇതിഹാസ താരം ഡിഗോ മറഡോണയുടെ മുഖഭാവം തന്നെ ഇത് പ്രകടമാക്കുന്നു. ”സംപോളി താന്‍ എന്താണു ചെയ്യുന്നത്” എന്ന മട്ടിലുള്ള ഭാവമായിരുന്നു മറഡോണയ്ക്ക്. ഈ വിജയത്തിന്റെ ക്രഡിറ്റിന്റെ നല്ലൊരു പങ്ക് ക്രൊയേഷ്യയുടെ കോച്ച് സ്ലാഡ്‌കോദാലിച്ചിന് നല്‍കണം. അക്ഷോഭ്യനായിരുന്നു അദ്ദേഹം. മെസിയെ വളഞ്ഞു പിടിക്കാതെ നിയന്ത്രണത്തില്‍ ഒതുക്കാനായി. സംപോളി ചിന്തിച്ചത് മെസിയെ അവര്‍ കുടുക്കുമ്പോള്‍ അഗ്യൂറയ്ക്കും മറ്റും ഗോളടിക്കാന്‍ അവസരം കിട്ടുമെന്നാണ്. അത് കണ്ടറിഞ്ഞതിലാണ് ദാലിച്ചിന്റെ മിടുക്ക്.
ഇനി ജൂണ്‍ 26 ന് നൈജീരിയയുമാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. അതില്‍ ജയിച്ചാലും ഗ്രൂപ്പിലെ മറ്റു ടീമുകളുടെ വിജയ പരാജയങ്ങള്‍ക്കനുസരിച്ചാകും അവരുടെ ഭാവി. മുകളിലേക്ക് കൈ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുകയാണ് മെസിയും കൂട്ടുകാരും. ഇങ്ങനെയൊന്നുമല്ലല്ലോ ആരാധകര്‍ ഈ ടീമില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്!