വീണ്ടുമൊരു പന്തില്‍ കൃത്രിമത്വ വിവാദം

Dinesh-Chandimal

പന്തില്‍ കൃത്രിമത്വം കാട്ടിയതിന്റെ പേരില്‍ വിലക്കു നേരിടേണ്ടി വന്ന ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് തെറ്റ് ഏറ്റുപറഞ്ഞത് ആരും മറന്നു കാണാനിടയില്ല. ആരാധകരെ സംബന്ധിച്ചിടത്തോളം മനസ്സുകളെ പിടിച്ചുലച്ച സംഭവങ്ങളായിരുന്നു അത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ടെസ്‌ററ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലാണ് സ്മിത്തും വാര്‍ണറും ബെന്‍ക്രോഫ്റ്റും പന്തില്‍ കൃത്രിമത്വം കാട്ടിയതിന് പിടിയിലായതും ശിക്ഷ ഏറ്റുവാങ്ങിയതും. ഇനി ഇങ്ങനെയൊരു ദുര്യോഗം അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടാകില്ലെന്നു വിശ്വസിച്ച കളി പ്രേമികളെ നിരാശപ്പടുത്തുന്നതും വേദനിപ്പിക്കുന്നതുമായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചാന്‍ഡിമന്‍ഡല്‍ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചാന്‍ഡിമന്‍ഡല്‍ നിയമവിരുദ്ധമായി പന്തിന്റെ ഘടനയില്‍ മാറ്റം വരുത്തിയെന്നാണ് ഐ.സി.സി ചട്ടത്തിലെ 2.2.9 വകുപ്പ് പ്രകാരം കുറ്റം ചുമത്തിയത്. ഓസീസ് താരമായ ബെന്‍ക്രോഫ്റ്റിനെതിരെയും ഈ വകുപ്പാണ് ചുമത്തിയത്. തുടര്‍ന്നു നാടകീയ സംഭവങ്ങളാണ് നടന്നത്. ഇതില്‍ പ്രതിഷേധിച്ച് കളിക്കളത്തിലിറങ്ങാന്‍ ലങ്കന്‍ ടീം വിസമ്മതിച്ചു. ഐ.സി.സി താക്കീത് നല്‍കിയതോടെയാണ് അവര്‍ കളിക്കാന്‍ തീരുമാനിച്ചത്. മാന്യന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ വിക്കറ്റു വീഴ്ത്താന്‍ വേണ്ടി പന്തിന്റെ ഗതിയില്‍ മാറ്റം വരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ചില താരങ്ങള്‍ക്കു നേരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. ചിലതില്‍ സത്യമില്ലെന്നും വെറും ആരോപണങ്ങള്‍ മാത്രമാണെന്നും കണ്ടെത്തി തള്ളുകയായിരുന്നു.ഇത്തരത്തിലുള്ള വിവാദം ഉയരുന്നത് ക്രിക്കറ്റിന് ശുഭകരമായ വാര്‍ത്തയല്ല. ഐ.സി.സി ശക്തമായ നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും മൈതാനത്തെ വൈകാരിക പ്രതികരണങ്ങള്‍ നിയന്ത്രിക്കാനാകുന്നില്ല. ചാന്‍ഡിമന്‍ഡലിന്റെയും സ്മിത്തിന്റെയുമെല്ലാം കാര്യത്തില്‍ അവര്‍ ക്യാപ്റ്റന്‍മാരാണ് എന്നത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നു.ചാന്‍ഡിമന്‍ഡല്‍ കുറ്റകരമായൊന്നും ചെയ്തില്ലെന്ന നിലപാടിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ടീമും. ഐസിസി ഇത് അംഗീകരിക്കുമോ എന്നു കണ്ടറിയണം. കൂടുതല്‍ അന്വേഷണം നടക്കാന്‍ സാധ്യതയുണ്ട്. എതിരാളികളെ കഴിവു ഉപയോഗിച്ചാണ് നേരിടേണ്ടത്. പന്തു ചുരുണ്ടലും കൃത്രിമത്വം കാട്ടലുമൊന്നും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനു ചേര്‍ന്നതല്ല.