ലോകകപ്പ് ആവേശം പെയ്യുന്നു

fifa world cup

ലോകം മുഴുവന്‍ ഒരു പന്തിനു പിറകെയെന്നും, ലോകം ഒരു പന്തിലേക്കു ചുരുങ്ങുന്നുവെന്നുമൊക്കെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരക്കാലത്ത് ആലങ്കാരികമായി പറയാറുണ്ട്. എന്നാലീ വിശേഷണങ്ങള്‍ പച്ചയായ യാഥാര്‍ത്ഥ്യം തന്നെയാണ്. ഈ വാചകങ്ങളില്‍ സത്യം പറ്റിപ്പിടിച്ചിരിക്കുന്നു. വീണ്ടും ഒരു ലോകകപ്പ് വേളയാണ്. ഒരിക്കല്‍ കൂടി നമുക്ക് ലോകം ഒരു പന്തിനു പിറകെയെന്നുമൊക്കെയുള്ള വാചകങ്ങള്‍ ആവര്‍ത്തിക്കാം. ഇന്നു മുതല്‍ ഒരുമാസക്കാലം ലോകം റഷ്യയിലേക്കു ചുരുങ്ങുന്നു. അവിടെയാണ് 21-ാം ലോകകപ്പ് മാമാങ്കം അരങ്ങേറുന്നത്. ഇന്നു ഇന്ത്യന്‍ സമയം രാത്രി 8.30 ന് ലുഷ്‌കിനി സ്റ്റേഡിയത്തില്‍ റഷ്യ സൗദി അറേബ്യയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ അങ്കത്തിന് തുടക്കമാകും. 11 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളില്‍ ലോകത്തെ 32 ശക്തികള്‍ ലോകകപ്പിനായി ഏറ്റുമുട്ടും. ജുലൈ 15നു നടക്കുന്ന ഫൈനലില്‍ ആര് ഫിഫ കപ്പില്‍ മുത്തമിടും. ഫേവറിറ്റുകളായ ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍…? ഇവരല്ലാതെ മറ്റാരെങ്കിലും? അട്ടിമറി വീരന്മാര്‍ കപ്പടിക്കുമോ? നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി റഷ്യയിലെ ദിനരാത്രങ്ങള്‍. നമ്മുടെ കൊച്ചു കേരളത്തിലും ഫുട്‌ബോള്‍ ലഹരി അതിന്റെ പാരമ്യത്തിലാണ്. ഇതിലേറ്റവും മുന്നില്‍ മലപ്പുറം കോഴിക്കോടുമാണ് .കോരിച്ചൊരിയുന്ന മഴയ്ക്കുപോലും ആ ആവേശത്തെ തണുപ്പിക്കാനാകില്ല. ഇവിടെ മഴയല്ല പെയ്യുന്നത്; ഫുട്‌ബോള്‍ ലഹരിയാണ്. വലിയ സ്‌ക്രീനുകളൊക്കെയൊരുക്കി ഗ്യാലറിയില്‍ നിന്നു കളികാണുന്ന അനുഭവം പകര്‍ത്തുകയാണ് ഫുട്‌ബോള്‍ ക്ലബ്ബുകളും ഫാന്‍സുകാരും. ലോകകപ്പിന്റെ സുന്ദരനിമിഷങ്ങള്‍ നമുക്കു ലൈവായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് 1986 ലോകകപ്പ് മുതലാണ്. അക്കാലത്താണ് ടെലിവിഷന്‍ കേരളത്തില്‍ പ്രചാരത്തില്‍വന്നത്, മാറഡോണയും അര്‍ജന്റീനയും മാന്ത്രികത സൃഷ്ടിച്ച ആ ലോകകപ്പിന്റെ കളിയനുഭവങ്ങള്‍ ആര്‍ക്കും മറക്കാനാകില്ല. ടി.വി വളരെ ദുര്‍ലഭമായ ആ നാളുകളില്‍ അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമെല്ലാം കളി കാണാന്‍ ടെലിവിഷന്‍ തേടിപ്പോയ നാളുകള്‍. ഉറങ്ങാതെ, ആവേശത്തിലാറാടിയ 1986 മുതല്‍ ഇങ്ങോട്ട് എത്ര ലോകകപ്പുകള്‍. കേരളത്തില്‍ മണ്‍സൂണിനൊപ്പമാണ് ലോകകപ്പും വരിക! അതിനാല്‍ മലയാളിയുടെ ലോകകപ്പ് ഓര്‍മ്മകള്‍ക്ക് മിഥുനമഴയുടെ താളമുണ്ട്.ഇനി നമുക്ക് കാതും കണ്ണും റഷ്യയിലേക്ക് തുറന്നു വയ്ക്കാം, അവിടെത്തെ പുല്‍മൈതാനങ്ങളില്‍ മെസിയും നെയ്മറും ക്രിസ്റ്റ്യാനോയൊയുമെല്ലാം തകര്‍ക്കട്ടെ. ലോകത്തെ ഒരു ഗ്രാമമാക്കി മാറ്റുന്ന വിസ്മയം ഫുട്‌ബോളിന് മാത്രം അവകാശപ്പെട്ടതാണ്. മലപ്പുറത്തെയും കോഴിക്കോട്ടെയുമെല്ലാം ഉള്‍ഗ്രാമങ്ങളില്‍ പോലും ബ്രസീലിന്റെയും അര്‍ജന്റീനയുടെയുമെല്ലാം കൊടി പാറുന്നുണെങ്കില്‍ അത് കാല്‍പ്പന്തു കളിയുടെ വിജയമാണ്, മഹത്വമാണ്. അതു തുടരട്ടെ…!