കേരളത്തിന്റെ തീരാശാപമായിമാറിയ മാലിന്യ പ്രശ്‌നത്തിന് പരിഹാരം വരുന്നു

DE10NARELAPLANT

തിരുവനന്തപുരം: കേരളത്തിന്റെ തീരാശാപമായിമാറിയ മാലിന്യ പ്രശ്‌നത്തിന് പരിഹാരം വരുന്നു. പരമാവധി മാലിന്യം ശേഖരിച്ച്, അതില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വ്യാവസായികാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. പ്രതിദിനം 200ടണ്‍ മാലിന്യം വൈദ്യുതിയാക്കി മാറ്റും. ഇത് റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ കെ.എസ്.ഇ.ബി വാങ്ങും. ഏഴ് ജില്ലകളില്‍ വേസ്റ്റ്ടുഎനര്‍ജി പ്ലാന്റുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. ഓരോന്നിനും 5മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാവും. പദ്ധതി നടത്തിപ്പിന് ചീഫ്‌സെക്രട്ടറി അദ്ധ്യക്ഷനായി 10സെക്രട്ടറിമാരുടെ ഉന്നതതലസമിതി രൂപീകരിച്ചതായി അഡി. ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഉത്തരവിറങ്ങി. കെ.എസ്.ഐ.ഡി.സിയാണ് നോഡല്‍ ഏജന്‍സി. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഡിസൈന്‍, ബില്‍റ്റ്, ഫിനാന്‍സ്, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (ഡി.ബി.എഫ്.ഒ.ടി) വ്യവസ്ഥയിലാണ് പ്ലാന്റുനിര്‍മ്മാണം. ഈ മാസം ആഗോള ടെന്‍ഡര്‍ വിളിക്കും. 25കോടിയെങ്കിലും മൂലധനമുള്ളതും മാലിന്യത്തില്‍ നിന്ന് ഒരുമെഗാവാട്ട് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിച്ച് ഒരുവര്‍ഷത്തെ പരിചയമുള്ളതുമായ കരാറുകാര്‍ക്കും കണ്‍സോര്‍ഷ്യങ്ങള്‍ക്കും പങ്കെടുക്കാം. നഗരങ്ങളില്‍ 10മുതല്‍15 ഏക്കര്‍വരെ സ്ഥലം 27വര്‍ഷത്തേക്ക് ലീസിന് കൈമാറും. ഭൂമി ഈടായിവച്ച് പ്ലാന്റ് നിര്‍മ്മാണത്തിന് കടമെടുക്കാം. 2വര്‍ഷത്തിനകം പ്ലാന്റ് പൂര്‍ത്തിയാക്കണം. പ്ലാന്റിന് 35കിലോമീറ്റര്‍ ചുറ്റളവിലെ മാലിന്യം ശേഖരിച്ച് പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കേണ്ടത് കമ്പനിയുടെ ചുമതലയാണ്. വൈദ്യുതി വിറ്റുകിട്ടുന്ന തുകയ്ക്കു പുറമെ വേസ്റ്റ് പുനരുപയോഗിച്ചും കമ്പനിക്ക് വരുമാനം കണ്ടെത്താം. ടെന്‍ഡര്‍രേഖകള്‍ ഡല്‍ഹിയിലെ ഐ.ആര്‍.ജി സിസ്റ്റംസ് കമ്പനി തയ്യാറാക്കി.ഖരമാലിന്യങ്ങള്‍ സംസ്‌കരിച്ച് സിന്തറ്റിക് ഗ്യാസ് ഉത്പാദിപ്പിക്കും.ഇതുപയോഗിച്ച് വെള്ളംചൂടാക്കി, നീരാവിയിലൂടെ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കും.ഒരുടണ്‍ മാലിന്യത്തില്‍ നിന്ന് 430യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും