അവളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു: ലിനിയുടെ ഭര്‍ത്താവ്

lini

കോഴിക്കോട്: സഹജീവിക്ക് വേണ്ടി ജീവത്യാഗം ചെയ്ത ചെമ്പനോട സ്വദേശി ലിനി പുതുശേരി അവസാനമായി തന്റെ ഭര്‍ത്താവിന് എഴുതിയ കത്ത് ഒരു വിങ്ങലോടെയല്ലാതെ മലയാളികള്‍ക്ക് വായിക്കാനാവില്ല. ലിനി തങ്ങളെ വിട്ട് പിരിഞ്ഞതിന്റെ ആഘാതത്തില്‍ നിന്ന് മുക്തനായിട്ടില്ലെങ്കിലും വാക്കുകള്‍ ഇടറാതെ ലിനിയുടെ ഭര്‍ത്താവ് സജിഷ് പറയുന്നു അഭിമാനിക്കുന്നു ഞാന്‍ എന്റെ ഭാര്യയെ ഓര്‍ത്ത്.
”നഴ്‌സിംഗ് എന്നത് വളരെ കടുപ്പമേറിയ ജോലിയാണ്. എത്ര ക്ഷീണിതയാണെങ്കിലും അതൊന്നും കാണിക്കാതെ അവള്‍ തന്റെ ജോലിക്കായി പ്രയത്‌നിച്ചു. ജോലിയോട് അവള്‍ അത്രയ്ക്കും സത്യസന്ധത കാണിച്ചിരുന്നു. കഴിഞ്ഞ ബുധാനാഴ്ച അവള്‍ എന്ന ഫോണില്‍ വിളിച്ചിരുന്നു. അന്ന് പനിയുടെ ലക്ഷണമുണ്ടെന്ന് അവള്‍ പറഞ്ഞു. എന്നാല്‍ അന്ന് ലിവെടുത്താന്‍ ഞാന്‍ പറഞ്ഞെങ്കിലും അത് പറ്റില്ലെന്നായിരുന്നു അവളുടെ മറുപടി. ധാരാളം രോഗികള്‍ കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് അവള്‍ ജോലിക്ക് പോവുകയായിരുന്നു” സജീഷ് പറഞ്ഞു. ബഹ്‌റനില്‍ ആയിരുന്ന സജീഷ് ഭാര്യയുടെ രോഗവിവരം അറിഞ്ഞ് ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. അപ്പോഴേക്കും ജീവിതം കൈവിട്ട് പോയിരുന്ന ലിനിയെ അല്‍പ്പനിമിഷം മാത്രമേ സജീഷിന് കാണാന്‍ സാധിച്ചുള്ളൂ. ”ഞായറാഴ്ച ഞാന്‍ അവളെ കാണാന്‍ പോയിരുന്നു. ഓക്‌സിജന്‍ മാസ്‌ക് ഉണ്ടായിരുന്നതിനാല്‍ രണ്ട് മിനിറ്റ് മാത്രമേ കാണാന്‍ പറ്റിയുള്ളൂ. ഞാന്‍ അവളെ കൈ പതുക്കെ പിടിച്ചു. അത് അവള്‍ക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നൂ” സജീഷ് വ്യക്തമാക്കി.