വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് സുരക്ഷാ സ്റ്റിക്കറും ടാക്‌സി പെര്‍മിറ്റും നിര്‍ബന്ധം

stag-school-bus-250x250

കൊച്ചി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ വിദ്യാര്‍ഥികള്‍ക്കു സുരക്ഷിത യാത്രയൊരുക്കാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ടാക്‌സി പെര്‍മിറ്റില്ലാത്ത സ്വകാര്യ വാഹനങ്ങളില്‍ വാഹന ഉടമയുടെ കുട്ടികളെ മാത്രമേ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളില്‍നിന്ന് ചാര്‍ജ് ഈടാക്കി ടാക്‌സി പെര്‍മിറ്റും മോട്ടോര്‍ വാഹന വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കറുമില്ലാത്ത സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല. ഇത്തരം വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.
സുരക്ഷാ സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരുന്നില്ലെന്നു പ്രധാനാധ്യാപകര്‍ ഉറപ്പു വരുത്തണം. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സേഫ്റ്റി സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെന്നു മാതാപിതാക്കളും ഉറപ്പുവരുത്തേണ്ടതാണ്. കുട്ടികളെ കൊണ്ടു പോകുന്ന സേഫ്റ്റി സ്റ്റിക്കര്‍ ഇല്ലാത്ത വാഹനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.എം. ഷാജിയെ 7025950100 എന്ന നമ്പറിലേക്ക് വാഹനത്തിന്റെ നമ്പറും സ്‌കൂളിന്റെ പേരും വാട്ട്‌സ് അപ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ജൂണ്‍ ഒന്നു മുതല്‍ സ്‌കൂള്‍ ബസുകളില്‍ സുരക്ഷാ സ്റ്റിക്കര്‍ കര്‍ശനമാക്കും. കുട്ടികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളില്‍ ജൂലൈ ഒന്നു മുതലും സ്റ്റിക്കര്‍ നിര്‍ബന്ധമാണ്. ജൂണ്‍ ഒന്നു മുതല്‍ 15 വരെ ജില്ലയിലെ നാല് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ സ്‌കൂളിന്റെ മുന്‍വശത്തുനിന്ന് സ്‌കൂള്‍ വാഹനങ്ങള്‍ മാത്രം പരിശോധിക്കാനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു ബോധവത്കരണ ക്ലാസും സ്‌കൂളിലെ പ്രധാനാധ്യാപകര്‍ക്കു കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ക്ലാസും നല്‍കാന്‍ ജില്ലയിലെ എല്ലാ ജോ. ആര്‍ടിഓമാരെയും ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.