സദ്ദാമിന്റെ ആഡംബരയാനം ഇനി ഹോട്ടല്‍

sadhaam

ബസ്ര: സദ്ദാം ഹുസൈന്റെ ആഡംബരയാനം ഹോട്ടലാക്കി മാറ്റി. പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും ഡൈനിംഗ് റൂമും ഒക്കെയുള്ള ബസ്ര ബ്രീസ് എന്ന കപ്പല്‍ ഇപ്പോള്‍ ബസ്ര തുറമുഖത്തെ കപ്പിത്താന്‍മാര്‍ താമസത്തിനായി ഉപയോഗിക്കുകയാണ്.
കപ്പല്‍ എന്തുചെയ്യണമെന്നറിയാതെ ഇറാക്കി അധികൃതര്‍ വിഷമിക്കുകയായിരുന്നു. മൂന്നു കോടി ഡോളറിന് വില്‍ക്കാന്‍ വച്ചുവെങ്കിലും ആരും വാങ്ങാനെത്തിയില്ല. പിന്നെ കുറച്ചുനാള്‍ ബസ്ര യൂണിവേഴ്‌സിറ്റിയിലെ സമുദ്രഗവേഷകര്‍ പഠനയാത്രകള്‍ക്കായി ഉപയോഗിച്ചു. അവസാനമാണ് വിദൂരദേശങ്ങളിലെ കപ്പിത്താന്മാര്‍ക്കുള്ള ഹോട്ടലാക്കി മാറ്റിയത്.
ആഡംബരങ്ങളെല്ലാം കുത്തിനിറച്ച കപ്പലില്‍ സദ്ദാം ഒരുദിവസം പോലും കഴിഞ്ഞിട്ടില്ല. 270 അടിയാണ് നീളം.
17 ഗസ്റ്റ് റൂമുകളും ജോലിക്കാര്‍ക്കായി 18 കാബിനുകളും ക്ലിനിക്കും കപ്പലിലുണ്ട്. ഇറാക്ക് കുവൈത്തിനെ ആക്രമിച്ച 1990 മുതല്‍ കപ്പല്‍ അപ്രത്യക്ഷമായിരുന്നു. പിന്നീട് ഫ്രാന്‍സിലെ നീസില്‍ കണ്ടെത്തി.
2010ല്‍ ഇറാക്കി സര്‍ക്കാരിനു തിരിച്ചുകിട്ടി.അമേരിക്കന്‍ അധിനിവേശത്തില്‍ 2003ല്‍ സ്ഥാനഭ്രഷ്ടനായ സദ്ദാം ഹുസൈന്‍ മൂന്നു വര്‍ഷത്തികനകം തൂക്കിലേറ്റപ്പെട്ടു.