ഗര്‍ഭകാലത്ത് ക്ലാസ് മുടങ്ങിയ  നിയമവിദ്യാര്‍ഥിനിക്കു പരീക്ഷ  എഴുതാനാകില്ലെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗര്‍ഭിണിയായതിനാല്‍ ഹാജര്‍ നഷ്ടപ്പെട്ട നിയമവിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാനാകില്ലെന്ന് സുപ്രീംകോടതി. ഹാജര്‍ വിഷയത്തില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രീംകോടതിയിലെത്തിയത്. ഇളവ് അനുവദിക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെയും നിലപാട്. ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ് പരീക്ഷ എഴുതിക്കണം എന്നാവശ്യപ്പെട്ടു കോടതിയില്‍ എത്തിയത്. ഹാജര്‍ തീരെ കുറവായതിനാല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതില്‍നിന്നു സര്‍വകലാശാല വിലക്കിയിരുന്നു. പരീക്ഷ എഴുതാനുള്ള തന്റെ അവകാശം നിഷേധിച്ചുവെന്ന് വാദിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹാജര്‍ നില കുറവായതിനാല്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു .സുപ്രീംകോടതിയില്‍ ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, നവീന്‍ സിന്‍ഹ എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചിനു മുന്നിലാണ് വിഷയം എത്തിയത്.