ഐടി വകുപ്പിന്റെ സ്റ്റാളില്‍ മുഖ്യമന്ത്രിയ്ക്ക്  നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ സൗകര്യം

പാലക്കാട്: ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം പരിസരത്ത് 27 വരെ നടക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ചുളള പ്രദര്‍ശനവിപണനസേവനമേളയില്‍ ഐടി വകുപ്പിന്റെ സ്റ്റാളില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം വഴി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാനും പരാതികളുടെ തല്‍സ്ഥിതി അറിയുവാനും പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനും സാധിക്കും. പ്രകൃതി ക്ഷോഭങ്ങളായ വെള്ളപ്പൊക്കം, തീപ്പിടിത്തം, വരള്‍ച്ച തുടങ്ങിയവ മൂലവും ക്യാന്‍സര്‍, ഹൃദയ സംബന്ധമായ ശസ്ത്രക്രിയകള്‍, വൃക്ക മാറ്റിവെയ്ക്കല്‍, ബ്രെയിന്‍ ട്യൂമര്‍, കരളിനും മറ്റു അയവങ്ങള്‍ക്കും ഉണ്ടാകുന്ന ഗുരുതര അസുഖങ്ങള്‍ മൂലം ദുരിതം അനുഭവിക്കുവര്‍ക്ക് ഇതുവഴി ധനസഹായത്തിന് അപേക്ഷിക്കാം.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ആറുമാസത്തിനുള്ളിലെടുത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് എന്നിവയടക്കം സ്റ്റാളില്‍ ബന്ധപ്പെടാം. അപകട മരണം മൂലമുള്ള സഹായത്തിന് മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എഫ്.ഐ.ആര്‍, പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് എന്നിവയും ആവശ്യമാണ്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനുള്ള സൗകര്യമുണ്ടാകും. കൂടാതെ പൊതുജനങ്ങള്‍ക്ക് സൗജന്യ വൈ ഫൈ സൗകര്യവും ലഭ്യമാണ്. മേള നടക്കുന്ന പ്രദേശം മുഴുവനും മേളയുടെ അവസാനദിവസമായ മെയ് 27 വരെ സൗജന്യ വൈഫൈ ലഭിക്കും. സൗജന്യ ഇന്‍ര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള വിശദാംശങ്ങളും ഐടി വകുപ്പിന്റെ സ്റ്റാളില്‍ നിന്നറിയാം. പുതിയ ആധാര്‍ എടുക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും ഇവിടെ സൗകര്യമുണ്ട്. അഞ്ചുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് ചെയ്യാനും ഇവിടെ കഴിയും.